കോൺഗ്രസ് പ്രവർത്തക സമിതിയംഗം രമേശ് ചെന്നിത്തലയ്‌ക്കും കുടുംബത്തിനും ഇരട്ടവോട്ടെന്ന് ആരോപണം. ആലപ്പുഴ ജില്ലയിലെ ചെന്നിത്തല – തൃപ്പെരുംതുറ പഞ്ചായത്തിലെ പതിനാറാം നമ്പർ വാർഡായ തൃപ്പെരുംതുറ വാർഡിലെ വോട്ടർ പട്ടികയിൽ രമേശ് ചെന്നിത്തലയും കുടുംബവും ഉണ്ട്. രമേശ് ചെന്നിത്തല, അനിത രമേശ് ചെന്നിത്തല, മക്കളായ രോഹിത് ചെന്നിത്തല, രമിത്ത് ചെന്നിത്തല, മകന്റെ ഭാര്യ ശ്രീജ കെ ഭാസി എന്നിവർക്കാണ് ഇവിടെ വോട്ടുള്ളത്. അതേസമയം തന്നെ ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് മുൻസിപ്പാലിറ്റി വാർഡ് – 29, ഡാണാപടി വാർഡിലെ വോട്ടർ പട്ടികയിലും രമേശ് ചെന്നിത്തലയും കുടുംബവും ഉണ്ട്.
ബിജെപി ആലപ്പുഴ സൗത്ത് ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വചസ്പതി സോഷ്യൽ മീഡിയയിലൂടെയാണ് വിശദാംശങ്ങൾ പുറത്തുവിട്ടത്. രാഹുൽ ജിയോട് പറഞ്ഞ് ഒരു ബോംബ് ഹരിപ്പാട് കൂടി ഇടിക്കാൻ രമേശ് ജി മുൻകൈ എടുക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സന്ദീപ് വചസ്പതി കുറിച്ചു.
കഴിഞ്ഞ ദിവസം വി. ഡി സതീശന്റെയും കുടുംബത്തിന്റെയും വോട്ടിന്റെ വിവരങ്ങളും പുറത്തുവന്നിരുന്നു. ആലുവ ചെമ്മങ്ങനാടാണ് സതീശന്റെ താമസം. എന്നാൽ സതീശനും ഭാര്യയ്‌ക്കും വോട്ടുള്ളത് പറവൂർ മുൻസിപ്പാലിറ്റിയിലെ വാർഡ് 21 ൽ ആണ്.















