കൊച്ചി: കോതമംഗലം സ്വദേശിനിയായ യുവതിയുടെ ആത്മഹത്യ സംബന്ധിച്ച കേസിന്റെ അന്വേഷണം എൻ ഐ എ ഏറ്റെടുക്കണമെന്ന് സിറോ മലബാർ സഭ. തീവ്രവാദ ബന്ധമുള്ള പാനായി കുളത്താണ് പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത് എന്നത് ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മീഷൻ സെക്രട്ടറി ഫാ ജെയിംസ് കൊക്കാവയലിൽ പറഞ്ഞു.
പെൺകുട്ടിയുടെ കുടുംബവും സഭയും എൻ ഐ എ അന്വേഷണം നേരത്തെ ആവശ്യപ്പെട്ടതാണ്. പെൺകുട്ടിയുടെ കുടുംബത്തോട് ഐക്യദാർഢ്യം പ്രകടിപ്പിക്കുന്നതായും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ ഗൗരവമുള്ള വകുപ്പുകൾ ചുമത്താൻ സർക്കാർ നടപടി സ്വീകരിക്കണം.
ഛത്തീസ്ഗഡ് വിഷയത്തിൽ വിഷയത്തിൽ ഇടപെടൽ നടത്തിയത് രാജീവ് ചന്ദ്രശേഖരും ഷോൺ ജോർജുമാണ്. അവർക്ക് നന്ദി പറയേണ്ടത് സഭയുടെ കടമയാണെന്ന് ഫാ ജെയിംസ് കൊക്കാവയലിൽ പറഞ്ഞു.
വിഷയത്തിൽ സിപിഎം നടത്തുന്ന പ്രസ്താവനകൾ നിർഭാഗ്യകരമാണ്. സിപിഎം കുറച്ചുകൂടി മതനിരപേക്ഷ നിലപാട് സ്വീകരിക്കണം. ജെബി കോശി കമ്മീഷൻ റിപ്പോർട്ട് 2 വർഷമായി പൂഴ്‌ത്തി വച്ചിരിക്കുകയാണ്. കോതമംഗലം കേസിലെ ചർച്ചകൾ വഴിതിരിച്ചു വിടാനുള്ള ശ്രമത്തിന്റെ ഭാഗമാണ് സിപിഎമ്മിന്റെ ഭാഗത്ത് നിന്നുള്ള പ്രതികരണങ്ങളെന്നും ഫാ. ജെയിംസ് കൊക്കാവയലിൽ ചൂണ്ടിക്കാട്ടി.















