ന്യൂഡൽഹി : വോട്ടർപട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട പ്രതിപക്ഷ നേതാവ് രാഹുലിന്റെ ആരോപണത്തിനിടെ കോൺഗ്രസ് മുൻ അദ്ധ്യക്ഷ സോണിയ ഗാന്ധിക്കെതിരെ ബിജെപി. ഇന്ത്യൻ പൗരത്വം ലഭിക്കുന്നതിന് മുമ്പ് സോണിയയുടെ പേര് വോട്ടർ പട്ടികയിലുണ്ടെന്ന് മുൻ കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു.
ഇന്ത്യൻ പൗരത്വം സ്വീകരിക്കുന്നതിന് ഒരു വർഷം മുമ്പാണ് സോണിയയുടെ പേര് വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയത്. എന്നാൽ 1980 മുതൽ 1982 വരെ വോട്ടർ പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നുവെന്നാണ് ആരോപണം. അക്കാലത്ത് സോണിയ ഗാന്ധിക്ക് ഇന്ത്യൻ പൗരത്വം ഉണ്ടായിരുന്നില്ല. വിവാദമായപ്പോൾ സോണിയയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് നീക്കി. പിന്നീട് 1983-ൽ പൗരത്വം നേടിയ ശേഷമാണ് വോട്ടർപട്ടികയിൽ പേര് ചേർത്തത്.
ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയും എക്സിലൂടെ ഇക്കാര്യം ചൂണ്ടിക്കാട്ടി പോസ്റ്റ് പങ്കുവച്ചിരുന്നു. 1980 കളിലെ വോട്ടർ പട്ടികയുടെ പകർപ്പ് അമിത് മാളവ്യ എക്സിൽ പോസ്റ്റ് ചെയ്തു. 1968-ൽ ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയായിരുന്ന സമയത്ത് സർക്കാരിന്റെ ഔദ്യോഗിക വസതിയിലാണ് സോണിയ താമസിച്ചിരുന്നതെന്നും അമിത് മാളവ്യ പറഞ്ഞു.















