തിരുവനന്തപുരം: കോതമംഗലത്ത് ലൗ ജിഹാദിനെ തുടർന്ന് 23 കാരി ജീവനൊടുക്കിയ സംഭവത്തിൽ കേസന്വേഷണം എൻഐഎയ്‌ക്ക് കൈമാറണമെന്ന് സിറോ മലബാർ സഭ. തീവ്രവാദ ബന്ധമുള്ള പാനായി കുളത്താണ് പെൺകുട്ടിയെ താമസിപ്പിച്ചിരുന്നത്. ഇക്കാര്യം ഗൗരവത്തോടെ കാണേണ്ടതുണ്ടെന്ന് സിറോ മലബാർ സഭ പബ്ലിക് അഫയേഴ്സ് കമ്മിഷൻ സെക്രട്ടറി ഫാ ജെയിംസ് കൊക്കാവയലിൽ പറഞ്ഞു. പെൺകുട്ടിയുടെ കുടുംബത്തിന് ഐക്യദാർഢ്യം പ്രകടിപ്പിച്ച് പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തെ വളരെ ഗൗരവത്തോടെയാണ് സഭ കാണുന്നത്. കേസ് എൻഐഎ ഏറ്റെടുക്കണമെന്ന് കേന്ദ്രസർക്കാരാേട് സഭ ആവശ്യപ്പെട്ടിട്ടുണ്ട്. പെൺകുട്ടിക്ക് നീതി കിട്ടുന്നതിനായി കുടുംബത്തിന് ഐക്യദാർഢ്യം അറിയിക്കുന്നുവെന്നും സഭ അറിയിച്ചു.
തീവ്രവാദബന്ധം സ്ഥിരീകരിക്കുന്ന ചില സ്ഥലങ്ങൾ കേന്ദ്രീകരിച്ച് അന്വേഷണം നടക്കും. പാനായികുളത്ത് പെൺകുട്ടിയെ കൊണ്ടുപോയതുമായി ബന്ധപ്പെട്ടായിരിക്കും അന്വേഷണം നടക്കുക. കേന്ദ്രത്തിന്റെ ഇടപെടൽ ഉണ്ടായാൽ മാത്രമേ കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ സാധിക്കുകയുള്ളൂ. മതപരിവർത്തനത്തിന് നിർബന്ധിപ്പിച്ചത് ഉൾപ്പെടെ പല വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. ഈ വിഷയത്തിൽ ഉടനടി നടപടി സ്വീകരിച്ചില്ലെങ്കിൽ കൂടുതൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും സഭ വ്യക്തമാക്കി.
ഛത്തീസ്ഗഢ് വിഷയത്തിൽ ഇടപെടൽ നടത്തിയ രാജീവ് ചന്ദ്രശേഖറിനും ഷോൺ ജോർജിനും ഫാദർ ജെയിംസ് കൊക്കാവയലിൽ നന്ദി അറിയിച്ചു.















