കൊച്ചി: സ്വകാര്യ പെട്രോൾ പമ്പുകളിലെ ശുചിമുറി ഉപയോഗിക്കുന്നതിലെ ഉത്തരവിൽ മാറ്റം വരുത്തി ഹൈക്കോടതി. ദേശീയപാതയോരങ്ങളിലെ പെട്രോൾ പമ്പുകളിലെ ശുചിമുറി പൊതുജനങ്ങൾക്കായി തുറന്നുകൊടുക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു.
സുരക്ഷാ കാരണങ്ങൾ ഉണ്ടെങ്കിൽ മാത്രമേ പൊതുജനങ്ങളെ തടയാവൂ. സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പൊതുശൗചാലയങ്ങൾ നിർമിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ചുമതലയാണെന്നും പമ്പുടമകളുടേതല്ലെന്നും സിംഗിൾ ബഞ്ച് ചൂണ്ടിക്കാട്ടി.
പുതിയ ഉത്തരവ് പ്രകാരം പൊതുജനങ്ങൾക്ക് 24 മണിക്കൂറും ദേശീയ പാതയോരത്തെ പെട്രോൾ പമ്പുകളിലെ ശുചി മുറി ഉപയോഗിക്കാം. മറ്റ് പ്രദേശങ്ങളിൽ ദീർഘദൂര യാത്രക്കാർക്കും ഉപഭോക്താക്കൾക്കും മാത്രമായി ഉപയോഗം പരിമിതപ്പെടുത്തിയിട്ടുണ്ട്.
ജൂൺ 17 ന് ഹൈക്കോടതി ഇറക്കിയ ഇടക്കാല ഉത്തരവിൽ ഭേദഗതി വരുത്തിക്കൊണ്ടാണ് പുതിയ നിർദ്ദേശം വന്നിരിക്കുന്നത്. പെട്രോൾ പമ്പിലെ ശുചിമുറി ഉപഭോക്താക്കൾക്ക് മാത്രമായി പരിമിതപ്പെടുത്തിയായിരുന്നു ഇടക്കാല ഉത്തരവ്. ഇത് സമൂഹത്തിൽ വലിയ ചർച്ചയാവുകയും വലിയ പ്രതിഷേധങ്ങൾക്ക് വഴിവയ്‌ക്കുകയും ചെയ്തു.
മുൻപ് തിരുവന്തപുരം ഉൾപ്പെടയുള്ള കോർപ്പറേഷനുകളിൽ സ്വച്ഛ് ഭാരത് മിഷന്റെ ഭാഗമായി പൊതുശൗചാലയം എന്ന രീതിയിൽ പെട്രോൾ പമ്പുകളിലെ ശുചിമുറികളിൽ സ്റ്റിക്കർ പതിപ്പിച്ചിരുന്നു. ഇതിനെതിരെയാണ് പമ്പുടമകൾ ഹൈക്കോടതിയെ സമീപിച്ച് ഇടക്കാല ഉത്തരവ് നേടിയെടുത്തത്. ഇത്തരം ഒരു സാഹചര്യത്തിലാണ് സർക്കാരിനെ കോടതി രൂക്ഷമായി വിമർശിച്ചത്. പൊതുശൗചാലയങ്ങൾ നിർമിക്കേണ്ടത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഉത്തരവാദിത്തമാണെന്ന് കോടതി വ്യക്തമാക്കി.















