മലപ്പുറം: ജമ്മുകശ്മീരിലെ കിഷ്ത്വാറിൽ മേഘവിസ്ഫോടനത്തെ തുടർന്നുണ്ടായ വെള്ളപ്പാച്ചിലിൽപെട്ട് നിരവധി പേർ മരിച്ചതായി റിപ്പോർട്ട്. 14 പേരുടെ മൃതദേഹം കണ്ടെടുത്തിട്ടുണ്ട്. കിഷ്ത്വാറിലെ മച്ചൈൽ മാതാ ദേവാലയത്തിനടുത്താണ് മേഘവിസ്ഫോടനവും മണ്ണിടിച്ചിലുമുണ്ടായത്. നിരവധി പേർ സ്ഥലത്ത് കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു.
മേഘവിസ്ഫോടനത്തിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ടെന്നാണ് പ്രാഥമിക വിവരം. ദേശീയ- സംസ്ഥാന ദുരന്ത നിവാരണ സേനകളെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. സമീപപ്രദേശത്തുള്ളവരെ സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറ്റി. ദുരിതബാധിതർക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകണമെന്ന് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്.
ദുരിതബാധിത മേഖലയിൽ മെഡിക്കൽ സംഘത്തെയും വിന്യസിച്ചു. മതിയായ മരുന്നുകളും മറ്റ് അടിയന്തര മെഡിക്കൽ സംവിധാനങ്ങളും ഏർപ്പെടുത്തിയതായി ജില്ലാ ഭരണകൂടം അറിയിച്ചു. നിരവധി പേരെ രക്ഷപ്പെടുത്താൻ കഴിഞ്ഞുവെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. ഹെലികോപ്റ്റർ ഉപയോഗിച്ച് ആളുകളെ മാറ്റികൊണ്ടിരിക്കുകയാണ്. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.















