തിരുവനന്തപുരം: ലത്തീൻ കത്തോലിക്കസഭയുടെ സംവരണ ആനുകൂല്യങ്ങൾ അർഹതയില്ലാത്തവർ തട്ടിയെടുക്കുന്നതിൽ അടിയന്തര അന്വേഷണം ആവശ്യമാണെന്ന് ബിജെപി ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരൻ. നാടാൻ സമുദായ സംഘടനകൾ സംസ്ഥാന സർക്കാരിനും പൊലീസ് മേധാവിക്കും നൽകിയ പരാതികൾ പരിശോധിച്ച് അതിൽ ചൂണ്ടിക്കാട്ടിയ ആരോപണങ്ങൾ അന്വേഷിച്ച് നടപടി സ്വീകരിക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.
ലാത്തീൻ കാത്തലിക് വിഭാഗത്തിന് അനുവദിച്ച നാല് ശതമാനം സംവരണം അനർഹമായി തട്ടിയെടുക്കുന്നതിനാൽ മത്സ്യബന്ധന തൊഴിലാളികൾക്ക് ലഭ്യമാകേണ്ട ആനുകൂല്യങ്ങളാണ് നഷ്ടമാവുന്നത്. മത്സ്യബന്ധനം മാത്രം നടത്തി ജീവിക്കുന്ന വിഭാഗത്തിൽപെട്ട ജനങ്ങൾ നേരിടുന്ന സാമൂഹ്യപിന്നാക്കാവസ്ഥയുടെ പേരിലാണ് ലത്തീൻ കാത്തലിക് വിഭാഗത്തിന് നാല് ശതമാനം സംവരണം നൽകുന്നത്. എന്നാൽ മറ്റ് വിഭാഗങ്ങളിൽ നിന്ന് മതം മാറി ലത്തീൻ കാത്തലിക് ആകുന്നവർ ഈ സംവരണം നേടുന്ന സ്ഥിതിയാണുള്ളത്.
ചിലർ നൽകുന്ന രേഖകളുടെ അടിസ്ഥാനത്തിൽ ഗസറ്റ് വിജ്ഞാപനം നടത്തി അനർഹർ സംവരണ ആനുകൂല്യങ്ങൾ തട്ടിയെടുക്കുന്നു. മത്സ്യബന്ധനം നടത്തി ഉപജീവനമാർഗം കഴിയുന്ന തൊഴിലാളികൾക്ക് അർഹമായ സംവരണം തട്ടിയെടുക്കുന്നത് ഭരണഘടനാ ലംഘനമാണ്. ഇതിനെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.















