എറണാകുളം: സ്കൂളിൽ വൈകി എത്തിയതിന് അഞ്ചാം ക്ലാസുകാരനെ അദ്ധ്യാപകർ ഇരുട്ടുമുറിയിൽ പൂട്ടിയിട്ടതായി പരാതി. തൃക്കാക്കരയിലെ സ്വകാര്യ സ്കൂളിലാണ് സംഭവം. കുട്ടിയെ സ്കൂൾ ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിച്ചതായും പരാതിയുണ്ട്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിന് കുടുംബം രേഖാമൂലം പരാതി നൽകി.
അതേസമയം, കുട്ടിയെ ശിക്ഷിച്ചതല്ലെന്നും വൈകി എത്തുന്ന കുട്ടികളെ കൈകാര്യം ചെയ്യുന്ന പിടിഎ നിയമപ്രകാരമുള്ള നടപടിയാണെന്നും സ്കൂൾ മാനേജ്മെന്റ് വ്യക്തമാക്കി. രാവിലെ എട്ടരയ്‌ക്ക് എത്തേണ്ടിയിരുന്ന വിദ്യാർത്ഥി അഞ്ച് മിനിറ്റ് വൈകിയതിനാണ് അദ്ധ്യാപകർ ഇത്തരത്തിലൊരു നടപടി സ്വീകരിച്ചത്. ഇരുട്ടുമുറിയിൽ ഏറെ നേരം ഇരുത്തിയെന്നും ഗ്രൗണ്ടിൽ രണ്ട് റൗണ്ട് ഓടിപ്പിച്ചുവെന്നും കുട്ടി പറഞ്ഞു.
ടിസി തരുമെന്നാണ് സ്കൂൾ അധികൃതർ പറയുന്നതെന്ന് രക്ഷിതാക്കൾ പ്രതികരിച്ചു. വിദ്യാർത്ഥി സംഘടനകൾ ഉൾപ്പെടെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. തുടർന്ന് വിദ്യാഭ്യാസ വകുപ്പ് പ്രതിനിധികളും പൊലീസും സ്കൂളിലെത്തി പ്രാഥമിക അന്വേഷണം നടത്തിയിട്ടുണ്ട്.















