ന്യൂഡൽഹി: സ്വന്തം പരാജയം മറച്ചുവയ്ക്കാനാണ് പാകിസ്ഥാൻ വിദ്വേഷ പരാമർശങ്ങൾ നടത്തുന്നതെന്ന് വിദേശകാര്യമന്ത്രാലയം വക്താവ് രൺധീർ ജയ്സ്വാൾ. ഇന്ത്യയ്‌ക്കെതിരെ പാകിസ്ഥാൻ നടത്തുന്ന വിദ്വേഷപരവും യുദ്ധത്തിന് തയാറാണെന്ന് കാണിച്ചുള്ള പരാമർശങ്ങളും ആവർത്തിക്കുന്നത് തങ്ങൾ ശ്രദ്ധിക്കുന്നുണ്ടെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാകിസ്ഥാന്റെ ഭാഗത്ത് നിന്നുണ്ടാകുന്ന പ്രകോപനപരമായ നീക്കങ്ങൾക്ക് തക്കതായ പ്രത്യാഘാതങ്ങൾ നേരിടേണ്ടിവരും. അത് അടുത്തിടെ തെളിയിക്കപ്പെട്ടതാണ്. പാക് സൈനിക മേധാവി നിരുത്തരവാദിത്തപരമായാണ് പെരുമാറുന്നതെന്നും രൺധീർ ജയ്സ്വാൾ പറഞ്ഞു.
പാക് സൈനിക മേധാവി അസിം മുനീറിന്റെ ഭീഷണി പ്രസ്താവനയ്‌ക്ക് പിന്നാലെയാണ് വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. അസിം മുനീറിന്റെ പ്രസ്താവനകളെ ആണവായുധ ആക്രമണങ്ങൾ എന്ന് ഇന്ത്യ വിശേഷിപ്പിച്ചത്.
സിന്ധുനദീജല കരാർ റദ്ദാക്കിയതുമായി ബന്ധപ്പെട്ടാണ് അസിം മുനീർ ഇന്ത്യയ്‌ക്കെതിരെ ഭീഷണി ഉയർത്തിയത്. സിന്ധു നദിയിലെ ഭാവിയിലെ ഏതൊരു ഇന്ത്യൻ അണക്കെട്ടും “10 മിസൈലുകൾ” ഉപയോഗിച്ച് തകർക്കുമെന്നായിരുന്നു മുനീറിന്റെ ഭീഷണി.















