ന്യൂഡൽഹി: ഇന്ത്യ- ചൈന ബന്ധം പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം പുനരാരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. ഉത്തരാഖണ്ഡിലെ ലിപുലേഖ് പാസ്, ഹിമാചൽ പ്രദേശിലെ ഷിപ്കി ലാ, സിക്കിമിലെ നാഥു ലാ പാസ് എന്നിവിടങ്ങൾ വഴി വ്യാപാരം തുടങ്ങാനാണ് പദ്ധതിയിടുന്നത്.
ചൈന- ഇന്ത്യ വ്യാപാരബന്ധം പുനരാരംഭിക്കുന്നതിനായി ചർച്ചകൾ നടക്കുന്നുണ്ട്. ചൈനയുമായുള്ള സഹകരണം വർദ്ധിപ്പിക്കാനും ആലോചിക്കുന്നു. കൂടുതൽ വിവരങ്ങളുണ്ടെങ്കിൽ അറിയിക്കുമെന്നും വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പറഞ്ഞു.
ഇരു രാജ്യങ്ങളും തമ്മിലുള്ള അതിർത്തി തർക്കങ്ങൾ ചർച്ച ചെയ്യുന്നതിനായി അടുത്താഴ്ച നിർണായക യോഗം ചേരും. ഇന്ത്യ-ചൈന ഉന്നതതല മന്ത്രിമാരുടെ യോഗമാണ് നടക്കുക. ഓഗസ്റ്റ് 18 -ന് ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി ഇന്ത്യ സന്ദർശിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി ചൈനീസ് വിദേശകാര്യ മന്ത്രി കൂടിക്കാഴ്ച നടത്തും. ഇരു രാജ്യങ്ങളുടെയും അതിർത്തി പ്രശ്‌നങ്ങൾ കേന്ദ്രീകരിച്ചായിരിക്കും ചർച്ച നടക്കുക.
2020-ൽ നടന്ന ഗാൽവാൻ ഏറ്റുമുട്ടലിന് ശേഷം ഇതാദ്യമായാണ് ഒരു ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യ സന്ദർശിക്കുന്നത്. കൂടാതെ ഇരുരാജ്യങ്ങൾക്കുമിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ അടുത്ത മാസം മുതൽ പുനരാരംഭിക്കാനും സാധ്യതയുണ്ട്.















