ന്യൂഡൽഹി: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിൽ ഓപ്പറേഷൻ സിന്ദൂർ ചരിത്രപരമായി എന്നും ഓർമിക്കപ്പെടുമെന്ന് രാഷ്‌ട്രപതി ദ്രൗപദി മുർമു. 79-ാം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്‌ട്രപതി.
“രാജ്യത്തെ സംരക്ഷിക്കുന്നതിനായി ഏത് വെല്ലുവിളിയും നേരിടാൻ നമ്മുടെ സായുധസേന സജ്ജമാണ്. അത് തെളിയിക്കുന്നതാണ് ഓപ്പറേഷൻ സിന്ദൂർ. ഭീകരതയ്‌ക്കെതിരായ പോരാട്ടത്തിന്റെ ചരിത്രത്തിൽ ഇത് രേഖപ്പെടുത്തും”.
“പഹൽഗാം ഭീകരാക്രമണത്തിന് ശേഷം ഭാരതം ഐക്യത്തോടെയാണ് പ്രവർത്തിച്ചത്. രാജ്യത്തെ ഭിന്നിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും ഉചിതമായ മറുപടിയാണിത്. നമ്മൾ ആക്രമണകാരികളല്ല. മറിച്ച് നമ്മുടെ രാജ്യത്തെ പൗരന്മാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. ആത്മനിർഭർ ഭാരതത്തിന് കീഴിൽ നമ്മുടെ പ്രതിരോധ മേഖല കൂടുതൽ ശക്തമായി. ശരിയായ പാതയിലാണ് നാം സഞ്ചരിക്കുന്നതെന്നും” രാഷ്‌ട്രപതി പറഞ്ഞു.
പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ ഭീകരാക്രമണത്തിന് ഇന്ത്യ നടത്തിയ സൈനിക മറുപടിയാണ് ഓപ്പറേഷൻ സിന്ദൂർ. ഇത് പാകിസ്ഥാനിലെയും പാക് അധീന കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ തകർക്കുകയും നൂറിലധികം ഭീകരരെ നാമാവശേഷമാക്കുകയും ചെയ്തിരുന്നു.















