ന്യൂഡൽഹി: 79-ാമത് സ്വാതന്ത്ര്യദിനത്തിൽ ഡൽഹിയിലെ ചെങ്കോട്ടയിൽ നിന്ന് രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രധാനമന്ത്രിയായി അധികാരത്തിലെത്തിയതിന് ശേഷമുള്ള മോദിയുടെ 12-ാമത്തെ സ്വാതന്ത്ര്യദിന ആഘോഷമാണിത്. ചെങ്കോട്ട മൈതാനിയിൽ പ്രധാനമന്ത്രി ത്രിവർണ പതാകയുയർത്തി ദേശീയഗാനം ആലപിച്ചതോടെ സ്വാതന്ത്ര്യദിനാഘോഷത്തിന് തുടക്കമായി.
കേന്ദ്രസർക്കാരിന്റെ ഉന്നത ഉദ്യോഗസ്ഥർ, പ്രതിരോധ ഉദ്യോഗസ്ഥർ, കായികതാരങ്ങൾ എന്നിവരുൾപ്പെടെ വിശിഷ്ട വ്യക്തികളായി ആയിരക്കണക്കിന് ആളുകൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി വലിയ സുരക്ഷാക്രമീകരണങ്ങളും ഏർപ്പെടുത്തിയിരുന്നു.
രാജ്യത്ത് മണ്ണിടിച്ചിലിലും മേഘവിസ്ഫോടനത്തിനും മറ്റ് പ്രകൃതി ദുരന്തങ്ങളിലുംപെട്ട് മരിച്ചവർക്ക് അന്ത്യാഞ്ജലി അർപ്പിച്ചതിന് ശേഷമാണ് പ്രധാനമന്ത്രിയുടെ പ്രസംഗം ആരംഭിച്ചത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സജീവമായി ഇടപെടുന്നുണ്ടെന്ന് പ്രധാനമന്ത്രി പറഞ്ഞു.















