റായ്പൂർ: 79-ാം സ്വാതന്ത്ര്യദിനത്തിൽ ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ബാധിതാ മേഖലകളിൽ ആദ്യമായി സ്വാതന്ത്ര്യദിനാഘോഷം നടന്നു. ബസ്തർ ഉൾപ്പെടെ 29 സ്ഥലങ്ങളിലാണ് സ്വാതന്ത്ര്യദിനം ആചരിച്ചത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ഈ പ്രദേശങ്ങളിലെല്ലാം പൊലീസ് ക്യാമ്പുകളും സ്ഥാപിച്ചിട്ടുണ്ട്.
വൻ തോതിൽ മാവോയിസ്റ്റുകളുടെ സാന്നിധ്യമുള്ള സ്ഥലമാണ് ബസ്തർ വനമേഖല. ദേശീയ ഉത്സവങ്ങളും മറ്റും ആഘോഷിക്കുന്നതിന് പ്രദേശവാസികൾക്ക് ഭീഷണിയായിരുന്നു മാവോയിസ്റ്റുകൾ. പല സ്ഥലങ്ങളിലും മാവോയിസ്റ്റുകൾ കരിങ്കൊടികൾ ഉയർത്തിയും പ്രദേശവാസികളെ ഭീഷണിപ്പെടുത്തിയുമാണ് ഭയാനക അന്തരീഷം സൃഷ്ടിച്ചിരുന്നത്.
എന്നാൽ, കഴിഞ്ഞ രണ്ട് വർഷമായി സുരക്ഷാ സ്ഥിതികൾ മെച്ചപ്പെട്ടുവരികയാണ്. കൂടാതെ പ്രദേശത്ത് കൂടുതൽ സുരക്ഷാസേനകളെയും വിന്യസിച്ചിട്ടുണ്ട്. ജില്ലാ റിസർവ് ഗാർഡ്, സ്പെഷ്യൽ ടാസ്ക് ഫോഴ്സ് തുടങ്ങിയ പ്രത്യേക സേനകളും കേന്ദ്ര സായുധ പൊലീസ് സേനയും സ്ഥലത്ത് നിരീക്ഷണം ഏർപ്പെടുത്തി. കൂടാതെ വിവിധയിടങ്ങളിൽ പൊലീസ് ക്യാമ്പുകൾ തുടങ്ങുകയും ചെയ്തു.
സുരക്ഷാ ഉദ്യോഗസ്ഥരോടൊപ്പം പ്രദേശവാസികൾ സ്വാതന്ത്രദിനം വിപുലമായി ആഘോഷിച്ചു. ത്രിവർണ പതാക ഉയർത്തിയും മധുരം പങ്കിട്ടും ആളുകൾ സ്വാതന്ത്ര്യദിനാഘോഷത്തിൽ സജീവമായി പങ്കെടുത്തു. നാരായൺപൂർ ജില്ലയിൽ ഹൊറാഡി, ഗർപ, കച്ച്പാൽ, കോഡ്ലിയാർ, കുട്ടൂൽ, ബദെമകോട്ടി, പദ്മകോഠ്, കന്ദുൽനാർ, നെലംഗൂർ, പാംഗൂർ, റെയ്നാർ എന്നിവിടങ്ങളിലാണ് ആഘോഷങ്ങൾ നടന്നത്.















