തിരുവനന്തപുരം: ശബരിമലയില്‍ ആഗോള അയ്യപ്പ സമ്മേളനം വിളിക്കാനുള്ള സംസ്ഥാന സര്‍ക്കാര്‍ നീക്കം ആചാരലംഘനങ്ങളുടെ തുടര്‍ച്ചയും വ്യാപാരവല്‍ക്കരണത്തിനുള്ള നീക്കവുമാണെന്ന് കേരള ക്ഷേത്രസംരക്ഷണ സമിതി സംസ്ഥാന നേതൃയോഗം അഭിപ്രായപ്പെട്ടു.സന്നിധാനത്തിന്റെ പരിസരങ്ങളില്‍ പുതിയ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ അനുമതി നല്‍കിയതും ഭസ്മക്കുളത്തിന്റെ ഇടക്കിടെയുള്ള മാറ്റം, സന്നിധാനത്തെ പരിസ്ഥിതി നശിപ്പിക്കുന്ന ആചാര വിരുദ്ധ നിര്‍മാണങ്ങള്‍ തുടങ്ങിയവയെല്ലാം ഇതിന്റെ ഭാഗങ്ങളാണ്.
അയ്യപ്പ ഭക്തരെയും ഭക്തസംഘടനകളെയും ഇരുട്ടില്‍ നിര്‍ത്തി, സന്നിധാനത്ത് നടത്തുന്ന ആഗോള സംഗമത്തിന്റെ ഉദ്ദേശലക്ഷ്യങ്ങള്‍ ഹൈന്ദവ സമൂഹത്തെ ബോധ്യപ്പെടുത്തേണ്ടതുണ്ട്. ശബരിമലയില്‍ എത്തുന്ന ലക്ഷക്കണക്കിന് ഭക്തര്‍ക്ക് വേണ്ട സംവിധാനങ്ങള്‍ ഒരുക്കാതെ ഭക്ഷണത്തിനും താമസത്തിനും ചൂഷണവും കൊള്ളയുമാണ് നടക്കുന്നത്. വീണ്ടും ആചാര ലംഘനത്തിനാണ് സര്‍ക്കാര്‍ ശ്രമമെങ്കില്‍ വന്‍ പ്രക്ഷോഭത്തെ നേരിടേണ്ടിവരുമെന്ന് ജനറല്‍ സെക്രട്ടറി കെ.എസ്. നാരായണന്‍ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന്റെ ഹിന്ദു വിരുദ്ധ നീക്കങ്ങളെ പ്രതിരോധിക്കാന്‍ ശക്തമായ പ്രക്ഷോഭം ആസൂത്രണം ചെയ്യാനും യോഗം തീരുമാനിച്ചു. മണ്ണാര്‍ക്കാട് ശ്രീ പരമേശ്വരി ഗുരു മൂര്‍ത്തി ക്ഷേത്രത്തില്‍ നടന്ന ആക്രമണത്തിലും കേരളത്തില്‍ വ്യാപകമായി നടക്കുന്ന ജിഹാദി ആക്രമണത്തിലും സമിതി ശക്തമായി പ്രതിഷേധിക്കുന്നു. ആക്രമിക്കുന്ന പ്രതികള്‍ മാനസിക രോഗികളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ശ്രമം ആസൂത്രിതമാണെന്ന് സമിതി കരുതുന്നതായും യോഗം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ് മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി അദ്ധ്യക്ഷനായി.
ഉപാദ്ധ്യക്ഷന്‍മാരായ ജി.കെ. സുരേഷ് ബാബു, എം. മോഹന്‍, നാരായണന്‍കുട്ടി, സെക്രട്ടറി വി.കെ. ചന്ദ്രന്‍, ട്രഷറര്‍ രാമസ്വാമി എന്നിവര്‍ പങ്കെടുത്തു.















