തൃശൂർ: ദേശീയപാതയിൽ മുരിങ്ങൂരിൽ വൻ ഗതാഗതക്കുരുക്ക്. എറണാകുളം ഭാഗത്തേക്കുള്ള പാതയിൽ മുരിങ്ങൂർ മുതൽ പോട്ട വരെ മൂന്ന് കിലോമീറ്ററോളമാണ് വാഹനങ്ങൾ കുരുങ്ങിക്കിടക്കുന്നത്. വാഹനങ്ങൾ ഒരടി പോലും നീങ്ങാൻ കഴിയാത്ത തരത്തിൽ ഗതാഗതകുരുക്ക് രൂക്ഷമാണ്. വിമാനത്താവളത്തിലേക്ക് പോകുന്ന പ്രധാന പാതയാണിത്.
അടിപ്പാത നിർമ്മാണം നടക്കുന്ന സ്ഥലത്തെ സർവീസ് റോഡിന്റെ അറ്റകുറ്റപ്പണി നടത്താത്തതും വാഹനങ്ങൾ വഴി തിരിച്ച് വിടാനുള്ള കൃത്യമായ ക്രമീകരണം ഒരുക്കാത്തതുമാണ് ഗതാഗതക്കുരുക്കിന് ഇടയാക്കിയത്.
വരിതെറ്റി കയറുന്ന വാഹനങ്ങള്‍ നിയന്ത്രിക്കാന്‍ ബന്ധപ്പെട്ടവരാരും ഇല്ലെന്നും പരാതിയുണ്ട്. ആംബുലന്‍സ് അടക്കമുള്ളവ വാഹനങ്ങളും കുരുക്കില്‍ കുടുങ്ങുകയാണ്. ഗതാഗതക്കുരുക്ക് കാരണം ഹൈക്കോടതി ഇടപെട്ട് ഒരു മാസത്തേക്ക് പാലിയേക്കരയിൽ ടോൾ പിരിവ് നിർത്തിവച്ചിരുന്നു.















