കൊല്ലം: വയോധികയെ അതിക്രൂരമായി ബലാത്സംഗം ചെയ്ത യുവാവ് പിടിയിൽ. 24 കാരനായ കുന്നത്തൂർ സ്വദേശി അനൂജ് ആണ് പിടിയിലായത്. 65 കാരിയെ വലിച്ചിഴച്ച് കുറ്റിക്കാട്ടിൽ കൊണ്ടുപോയി നിഷ്ഠൂരമായി പീഡിപ്പിക്കുകയായിരുന്നു. പ്രതി ലഹരിക്കടിമയാണെന്ന് പൊലീസ് പറഞ്ഞു.
വെള്ളിയാഴ്ച രാവിലെ 11 മണിയോടെയാണ് സംഭവം. ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് മടങ്ങുന്ന വഴിയിൽ ആളൊഴിഞ്ഞ പ്രദേശമുണ്ട്. പതിവ് പോലെ ഇതിലൂടെ നടന്നു പോകുകയായിരുന്ന വയോധികയെ ബലം പ്രയോഗിച്ച് കീഴ്പ്പെടുത്തി വലിച്ചിഴച്ച് കൊണ്ടുപോകുയായിരുന്നു. വിവരം പുറത്തുപറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ വയോധികയെ ഭീഷണിപ്പെടുത്തിയിരുന്നു. പിന്നീട് തികച്ചും അവശയായ വയോധികയെ നാട്ടുകാരാണ് റോഡരികിൽ കണ്ടെത്തിയത്. സംഭവം നടന്ന സ്ഥലത്ത് നിന്ന് 30 കിലോമീറ്റർ അകലെയാണ് പ്രതി താമസിക്കുന്നത്. ലഹരി വാങ്ങാനാണ് ഇയാൾ ഇവിടെ എത്തിയതെന്നാണ് സൂചന.
മിയണ്ണൂരിലെ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് പ്രതികളെ പിടികൂടിയത്. നീല ഷർട്ടാണ് പ്രതി ധരിച്ചിരുന്നതെന്ന് വയോധിക പൊലീസിനോട് പറഞ്ഞിരുന്നു. ഇതാണ് നിർണ്ണായകമായത്. ആശുപത്രിയിൽ വച്ച് വയോധിക യുവാവിനെ തിരിച്ചറിഞ്ഞു. 65 കാരിയുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണെന്ന് ആശുപത്രി വൃത്തങ്ങൾ നൽകുന്ന വിവരം.















