ചെന്നൈ : ബംഗാൾ ഉൾക്കടലിന്റെ മധ്യ – പടിഞ്ഞാറൻ ഭാഗങ്ങളിലും സമീപ പ്രദേശങ്ങളിലും ഒരു ന്യൂനമർദ്ദം രൂപപ്പെടുന്നതായി തമിഴ് നാട് കാലാവസ്ഥാ കേന്ദ്രം അറിയിച്ചു. അതോടൊപ്പം മധ്യ ഉൾക്കടലിൽ ഒരു Upper Air Cyclonic Circulation നിലനിൽക്കുന്നതായും പ്രാദേശിക കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ കണക്കനുസരിച്ച്, ബംഗാൾ ഉൾക്കടലിന്റെ മധ്യ-പടിഞ്ഞാറൻ, വടക്ക്-പടിഞ്ഞാറൻ ഭാഗങ്ങളിൽ രൂപപ്പെട്ട ഈ ന്യുനമർദ്ദം താമസിയാതെ പടിഞ്ഞാറ്-വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയും കൂടുതൽ ശക്തി പ്രാപിക്കുകയും ആ പ്രദേശം ഒരു ന്യൂനമർദ മേഖലയായി മാറുകയും ചെയ്യും. അടുത്ത 48 മണിക്കൂറിനുള്ളിൽ ഇത് വടക്കൻ ആന്ധ്രാപ്രദേശ് തീരത്തേക്കും തെക്കൻ ഒഡീഷ തീരങ്ങളിലേക്കും നീങ്ങാൻ സാധ്യതയുണ്ട്.
തമിഴ്‌നാട്ടിൽ, പുതുച്ചേരി, കാരക്കൽ എന്നിവയുൾപ്പെടെ വടക്കൻ, തെക്കൻ ജില്ലകളിലെ ചില സ്ഥലങ്ങളിൽ പകൽ മുഴുവൻ ഇടിമിന്നലോടുകൂടിയ മിതമായ മഴയ്‌ക്ക് സാധ്യതയുണ്ട്. ഓഗസ്റ്റ് 18 വരെ ഈ പ്രദേശങ്ങളിൽ മിതമായ മഴ തുടരുമെന്ന് പ്രതീക്ഷിക്കുന്നു. നീലഗിരി, തിരുവള്ളൂർ, റാണിപേട്ട് ജില്ലകളിലും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ കനത്ത മഴയ്‌ക്ക് സാധ്യതയുണ്ട്.
ചെന്നൈയിലും പ്രാന്തപ്രദേശങ്ങളിലും ചില പ്രദേശങ്ങളിൽ നേരിയതോ മിതമായതോ ആയ മഴയും ഇടിമിന്നലോടുകൂടിയ മഴയും ഉണ്ടാകുമെന്നും പ്രവചനം സൂചിപ്പിക്കുന്നു.നീലഗിരിയിലും വടക്കൻ തീരപ്രദേശങ്ങളിലും പെട്ടെന്നുള്ള കനത്ത മഴയ്‌ക്കും ഇടിമിന്നലിനും സാധ്യതയുള്ളതിനാൽ, ചുഴലിക്കാറ്റ് കരയോട് അടുക്കുന്നതിനാൽ, പ്രദേശവാസികൾ ജാഗ്രത പാലിക്കണമെന്ന് കാലാവസ്ഥാ നിരീക്ഷകർ മുന്നറിയിപ്പ് നൽകുന്നു.
ബംഗാൾ ഉൾക്കടലിന്റെ മധ്യഭാഗത്തും അതിനോട് ചേർന്നുള്ള വടക്കുപടിഞ്ഞാറൻ ഭാഗത്തും അടുത്ത രണ്ട് ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്ന് നിർദ്ദേശിച്ചിട്ടുണ്ട്, ഈ മേഖലയിൽ മണിക്കൂറിൽ 45-55 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റ് വീശാൻ സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ തീരദേശ സമൂഹങ്ങൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നും നിർദ്ദേശിച്ചിട്ടുണ്ട്.
ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദത്തിന്‍റെ സ്വാധീനത്താൽ കേരളത്തിൽ ചൊവ്വാഴ്ച വരെ ശക്തമായ മഴയുണ്ടാകുമെന്ന കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. കേരളത്തിൽ 17/08/2025 വരെ ഒറ്റപ്പെട്ടയിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനു സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.















