കുവൈറ്റ് സിറ്റി: ഭാരതത്തിന്റെ 79-ാമത് സ്വാതന്ത്ര്യദിനം ആഘോഷങ്ങളുടെ ഭാഗമായി ഭാരതീയ പ്രവാസി പരിഷദ് (BPP) കുവൈറ്റ് വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു. ഇന്ത്യയുടെ സ്വാതന്ത്ര്യസമരചരിത്രവും ദേശസ്നേഹത്തിന്റെ മഹത്വവും വിളിച്ചോതിയ പരിപാടി പ്രവാസി സമൂഹത്തെ ആവേശഭരിതരാക്കി.
ബിപിപി പ്രസിഡന്റ് സുധിർ വി. മേനോൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, ജോയിന്റ് സെക്രട്ടറി രാജ് ഭണ്ഡാരി സ്വാഗതവും മെമ്പർഷിപ്പ് സെക്രട്ടറി രശ്മി നവീൻ ഗോപാൽ നന്ദിയും രേഖപ്പെടുത്തി. സംഘടനയുടെ പ്രവർത്തനങ്ങളെയും ലക്ഷ്യങ്ങളെയും കുറിച്ച് ജനറൽ സെക്രട്ടറി ഹരി ബാലരാമപുരം വിശദമായി സംസാരിച്ചു.
വിവിധ സാമൂഹിക-സാംസ്കാരിക സംഘടനകളുടെ പ്രതിനിധികൾ ചടങ്ങിൽ പങ്കെടുത്തു സ്വാതന്ത്ര്യദിനാശംസകൾ അറിയിച്ചു. തുടർന്ന് രാജ്യത്തിന്റെ ഐക്യവും സമഗ്രതയും പ്രതിപാദിക്കുന്ന ദേശഭക്തിഗാനങ്ങൾ ആലപിച്ചു.
സ്വാതന്ത്ര്യസമര സേനാനികളുടെ ത്യാഗങ്ങളും ഭാരതത്തിന്റെ പുരോഗതി യാത്രയും ഓർമ്മിപ്പിച്ചുകൊണ്ടായിരുന്നു പരിപാടികളുടെ സമാപനം. പ്രവാസി ഭാരതീയരുടെ ഐക്യവും സംസ്കാരിക പാരമ്പര്യവും പ്രകടമാക്കിയ ചടങ്ങ്, പങ്കെടുത്തവർക്കെല്ലാം ഒരിക്കലും മറക്കാനാവാത്ത അനുഭവമായി.










