തിരുവനന്തപുരം: സിപിഎമ്മിൽ കത്ത് വിവാദം പുകയുന്നു. പോളിറ്റ് ബ്യൂറോക്ക് നൽകിയ കത്ത് സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകൻ ചോർത്തി എന്നാണ് പരാതി. സിപിഎം ജനറൽ സെക്രട്ടറി എം. എ ബേബിക്ക് ചെന്നൈ വ്യവസായി മുഹമ്മദ് ഷർഷാദ് ആണ് പരാതി നൽകിയത്. കത്ത് ചോർത്തിയത് ഗോവിന്ദന്റെ മകൻ ശ്യാം എന്ന് പരാതിയിൽ പറയുന്നു. പാർട്ടി നേതാക്കളുടെ ഉറ്റ സുഹൃത്തായ രാജേഷ് കൃഷ്ണക്കെതിരെ കൊടുത്ത പരാതിയാണ് ചോർന്നത്.
മധുരയിൽ നടന്ന പാർട്ടി കോൺഗ്രസിലാണ് കത്തുമായി ബന്ധപ്പെട്ട വിവരം ആദ്യം പുറത്തുവന്നത്. പാർട്ടി സമ്മേളനം ആരംഭിക്കുന്നതിന്റെ തലേദിവസം രാത്രിയാണ് പിബി അംഗമായ അശോക് ദാവ്ലേയ്‌ക്ക് മുഹമ്മദ് ഷെർഷാദ് പരാതി നൽകിയത്. പിന്നാലെയാണ് പത്തനംതിട്ട സ്വദേശിയും യുകെ വ്യവസായി രാജേഷ് കൃഷ്ണയെ സമ്മേളനത്തിൽ നിന്നും പുറത്താക്കി. പിന്നാലെ സംഭവം വലിയ വാർത്തയായി. ഈ വാർത്ത റിപ്പോർട്ട് ചെയ്ത മാദ്ധ്യമങ്ങൾക്കെതിരെ രാജേഷ് കൃഷ്ണ ഡൽഹി കോടതിയിൽ മനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. കോടതിയിൽ എത്തിയ രേഖകളിലാണ് മുഹമ്മദ് ഷെർഷാദ് പിബിക്ക് നൽകിയ രഹസ്യ പരാതിയുള്ളത്. രാജേഷ് കൃഷ്ണ വഴി അധികൃത പണം പാർട്ടി ഉന്നതൻമാരുടെ അക്കൗണ്ടിൽ എത്തിയെന്നതടക്കമുള്ള ഗുരുതര ആരോപണങ്ങൾ ഇതിലുണ്ട്. ഇപ്പോഴത്തെ മന്ത്രിമാരുടെയും മുൻ മന്ത്രിമാരുടെയും പേരുകളും കത്തിലുണ്ടെന്നാണ് വിവരം.















