ന്യൂഡൽഹി: പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വോട്ടർപട്ടിക ക്രമക്കേട് ആരോപണം തെളിയിക്കുന്ന രേഖകൾ ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെളിവുകൾ സഹിതം സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ പരസ്യമായി മാപ്പ് പറയുകയോ ചെയ്യണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ പറഞ്ഞു. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങളിൽ വാർത്താസമ്മേളനത്തിലൂടെ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെളിവുകൾ ഇല്ലാത്തിടത്തോളം ഉയരുന്ന ആരോപണങ്ങൾ തെറ്റാണ്. തെളിവ് സഹിതം ഒരു സത്യവാങ്മൂലം സമർപ്പിക്കുക അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയേണ്ടിവരും. ഏഴ് ദിവസത്തിനുള്ളിൽ സത്യവാങ്മൂലം ലഭിച്ചില്ലെങ്കിൽ ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണെന്നാണ് അർത്ഥം.
ഭരണഘടനയെ അപമാനിക്കുന്നതാണ് രാഹുലിന്റെ ആരോപണങ്ങൾ. രാഷ്‌ട്രീയ നേട്ടത്തിനായി ചിലർ തെരഞ്ഞെടുപ്പ് കമ്മീഷനെ ഉപയോഗിക്കുന്നു. ഇത്തരം തെറ്റായ ആരോപണങ്ങൾക്ക് തെരഞ്ഞെടുപ്പ് കമ്മീഷനെയോ വോട്ടർമാരെയോ ഭയപ്പെടുത്താൻ കഴിയില്ലെന്നും ഗ്യാനേഷ് കുമാർ പറഞ്ഞു.















