തിരുവനന്തപുരം : സംസ്ഥാനത്ത് അതിശക്തമായ മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിനെ തുടർന്നാണ് മഴ ശക്തമാകുന്നത്. ഈ സാഹചര്യത്തിൽ സംസ്ഥാനത്തെ ഒമ്പത് ഡാമുകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. കക്കി, മൂഴിയാർ, മാട്ടുപ്പെട്ടി, കല്ലാർകുട്ടി, ഇരട്ടയാർ, ലോവർ പെരിയാർ, ഷോളയാർ, പെരിങ്ങൽക്കുത്ത്, ബാണാസുര സാഗർ തുടങ്ങിയ ഒമ്പത് ഡാമുകൾക്കാണ് റെഡ് അലർട്ട് പ്രഖ്യാപിച്ചത്.
ഡാമുകളിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ഷട്ടറുകൾ തുറന്നിട്ടുണ്ട്. ഡാമുകൾക്ക് സമീപ പ്രദേശങ്ങളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
കനത്ത മഴയെ തുടർന്ന് തൃശൂർ ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. നാളെ നടക്കേണ്ട ഓണപ്പരീക്ഷകളും മാറ്റിവെച്ചു. പുതുക്കിയ തിയതി പിന്നീട് അറിയിക്കുന്നതാണ്. മുൻകൂട്ടി നിശ്ചയിച്ച മറ്റ് പരീക്ഷകൾക്ക് മാറ്റമില്ല.















