തിരുവനന്തപുരം: റാപ്പർ വേടൻ എന്ന ഹിരൺദാസ് മുരളിക്കെതിരെ കൂടുതൽ പീഡന പരാതികൾ. 2 യുവതികളാണ് മുഖ്യമന്ത്രിയ്‌ക്ക് പരാതി നൽകിയത്. മുഖ്യമന്ത്രിയെ നേരിട്ട് കാണാൻ ഇവർ സമയം ചോദിച്ചിട്ടുണ്ട്. വനിത ഡോക്ടർ നൽകിയ ബലാത്സംഗ കേസിൽ മുൻകൂര്‍ ജാമ്യാപേക്ഷ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെയാണ് കൂടുതൽ യുവതികൾ രംഗത്തെത്തിയിരിക്കുന്നത്.
കേരളത്തിന് പുറത്ത് പഠിക്കുന്ന യുവതികളാണ് പരാതി നൽകിയിരിക്കുന്നത്. 2020-21 കാലത്താണ് സംഭവം നടന്നത്. ഒരു യുവതി ദളിത് സംഗീതത്തിൽ ഗവേഷണം നടത്തുന്നയാളാണ്. വേടന്റെ പാട്ടുകൾ ശ്രദ്ധയിൽപ്പെട്ട് അന്ന് ഫോണിൽ ബന്ധപ്പെടുകയായിരുന്നു. ഇതിനിടെ നേരിൽ കാണാൻ എന്ന് പറഞ്ഞ് വേടൻ കൊച്ചിയിലേക്ക് വിളിച്ചു വരുത്തി ഫ്ലാറ്റിൽ വച്ച് ഉപദ്രവിച്ചു എന്നാണ് ഗവേഷക വിദ്യാർത്ഥിനിയുടെ പരാതിയിൽ പറയുന്നത്.
രണ്ടാമത്തെ യുവതി പ്രമുഖ സംഗീതജ്ഞയാണ്. ഇവർ നിലവിൽ കേരളത്തിന് പുറത്ത് പഠിക്കുകയാണ്. തന്റെ സംഗീതത്തിൽ ആകൃഷ്ടനായ വേടൻ തന്നെ ഇങ്ങോട്ട് ബന്ധപ്പെടുകയായിരുന്നു എന്ന് പരാതിയിൽ പറയുന്നു. പിന്നീട് ഇരുവരും സൗഹൃദത്തിലായി. ഇതിനിടെ വേടൻ പ്രോഗ്രാമുണ്ടെന്ന് പറഞ്ഞ് ഒരു സ്ഥലത്തേക്ക് വിളിച്ച് വരുത്തുകയും ലൈംഗികമായി പീഡിപ്പിക്കുകയുമായിരുന്നു. എതിർത്തപ്പോൾ ക്രൂരമായി ഉപദ്രവിച്ചെന്നും പരാതിയിൽ പറയുന്നു.
മുൻപ് വേടനെതിരെ മീടൂ ആരോപണം ഉയർന്നിരുന്നു. ആ സമയത്ത് പരാതി നൽകിയ യുവതികളും സോഷ്യൽ മീഡിയ വഴി വേടനെതിരെ രംഗത്ത് വന്നിരുന്നു.















