വാഷിംഗ്ടൺ: ഇന്ത്യൻ വംശജനായ യുവാവിന്റെ അനധികൃത യുടേണിൽ പൊലിഞ്ഞത് മൂന്ന് ജീവനുകൾ. യുഎസ് ഫ്ലോറിഡയിലെ ഫോർട്ട് പിയേഴ്‌സിലാണ് അപകടമുണ്ടായത്. അനധികൃത കുടിയേറ്റക്കാരനായ ഹർജീന്ദർ സിംഗ് എന്ന ട്രക്ക് ഡ്രൈവർക്കെതിരെ നരഹത്യ കുറ്റങ്ങൾ ചുമത്തി അറസ്റ്റ് ചെയ്തു. അലക്ഷ്യമായ ഡ്രൈവിംഗിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.
ഹർജീന്ദർ സിംഗ് ഓടിച്ച ട്രെയിലർ മീഡിയൻ പാസ് വഴി ഹൈവേ മുറിച്ചുകടക്കാൻ ശ്രമിക്കവേ കാറിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ പൂർണ്ണമായും തകർന്നു. കാറിലുണ്ടായിരുന്ന മൂവരും സംഭവ സ്ഥലത്ത് വച്ച് തന്നെ മരിക്കുകയും ചെയ്തു.
2018 ൽ മെക്സിക്കൻ അതിർത്തി വഴി നിയമവിരുദ്ധമായാണ് ഹർജീന്ദർ സിംഗ് യുഎസിൽ എത്തിയതെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇയാളുടെ കൈവശം കാലിഫോർണിയയിൽ കൊമേഴ്‌സ്യൽ ഡ്രൈവിംഗ് ലൈസൻസുണ്ട്. കുറ്റക്കാരനാണെന്ന് കണ്ടെത്തിയാൽ നാടുകടത്തുന്നതിന് മുമ്പ് ഫ്ലോറിഡയിൽ പതിറ്റാണ്ടുകളോളം ജയിൽ ശിക്ഷയും അനുഭവിക്കേണ്ടിവരും.















