ന്യൂഡൽഹി: എൻഡിഎയുടെ ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായ മഹാരാഷ്‌ട്ര ഗവർണർ സി പി രാധാകൃഷ്ണവുമായി കൂടിക്കാഴ്ച നടത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. കൂടിക്കാഴ്ചയ്‌ക്ക് ശേഷം സി പി രാധാകൃഷ്ണന് ആശംസകളറിയിച്ച് പ്രധാനമന്ത്രി എക്സിൽ കുറിപ്പ് പങ്കുവച്ചു.
“ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായതിന് സിപി രാധാകൃഷ്ണന് അഭിനന്ദനങ്ങൾ. വർഷങ്ങൾ നീണ്ട താങ്കളുടെ പൊതുസേവനവും വിവിധ മേഖലകളിലെ അനുഭവ പരിചയവും നമ്മുടെ രാജ്യത്തെ കൂടുതൽ സമ്പന്നമാക്കും. ഭാരതത്തെ ഉന്നയിലേക്ക് കൊണ്ടുപോകുന്നതിനുള്ള അദ്ദേഹത്തിന്റെ ദൃഢനിശ്ചയം എന്നും തുടരട്ടെയെന്നും” പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് ഉപരാഷ്‌ട്രപതി സ്ഥാനാർത്ഥിയായി സി പി രാധാകൃഷ്ണനെ എൻഡിഎ നേതൃത്വം തെരഞ്ഞെടുത്തത്. പ്രധാനമന്ത്രി, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ എന്നിവർ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുത്ത യോഗത്തിന് ശേഷമാണ് തീരുമാനം.
ആരോഗ്യപ്രശ്നങ്ങളെ തുടർന്ന് ജൂലൈ 21-നാണ് ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് ജഗ്ദീപ് ധൻകർ രാജിവച്ചത്. ഉപരാഷ്‌ട്രപതി സ്ഥാനത്തേക്ക് പുതിയ വ്യക്തിയെ കണ്ടെത്തുന്നതിനുള്ള ചർച്ചയിലായിരുന്നു എൻഡിഎ നേതൃത്വം. ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെ പി നദ്ദയാണ് സി പി രാധാകൃഷ്ണന്റെ പേര് പ്രഖ്യാപിച്ചത്.















