കാസർകോട്: വിദ്യാർത്ഥിയുടെ കർണപുടം അടിച്ച് തകർത്ത സംഭവത്തിൽ പ്രധാനാദ്ധ്യാപകന്റെ ഭാഗത്ത് വീഴ്ചയുണ്ടായതായി കണ്ടെത്തൽ. പിടിഎ നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് വീഴ്ച സംഭവിച്ചതായി കണ്ടെത്തിയത്. എന്നാൽ അദ്ധ്യാപകൻ മനഃപൂർവ്വം ചെയ്തതാണെന്ന് കരുതുന്നില്ലെന്നും കുട്ടിയുടെ ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങളുമായി മുന്നോട്ട് പോവുകയാണെന്നും പിടിഎ അധികൃതർ അറിയിച്ചു. സംഭവത്തിൽ ബാലാവകാശ കമ്മീഷൻ സ്വമേധയാ കേസെടുത്തു.
അതേസമയം, കുട്ടിയെ മർദ്ദിച്ചിട്ടില്ല എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് പ്രധാന അദ്ധ്യാപകൻ. ബോഡഡുക്ക കുണ്ടംകുഴിയിലെ സർക്കാർ ഹയർസെക്കൻഡറി സ്കൂളിലാണ് സംഭവം. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിക്കാണ് മർദ്ദനമേറ്റത്. അസംബ്ലിക്കിടെ ബഹളം വച്ചുവെന്ന് പറഞ്ഞ് പ്രധാന അദ്ധ്യാപകൻ കുട്ടിയെ ക്രൂരമായി മർദ്ധിക്കുകയായിരുന്നു. കുട്ടിയുടെ മുഖത്തടിക്കുകയും ചെവിയിൽ പിടിച്ച് വലിക്കുകയും ചെയ്തു.
കാസർകോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് കുട്ടി. ശസ്ത്രക്രിയയ്‌ക്ക് വിധേയമാക്കണമെന്ന് ഡോക്ടർമാർ നിർദേശിച്ചിട്ടുണ്ട്. പ്രധാന അദ്ധ്യാപകനെതിരെ പരാതി നൽകാനാണ് കുട്ടിയുടെ കുടുംബത്തിന്റെ തീരുമാനം.















