ന്യൂഡൽഹി: യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ച് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിൻ. റഷ്യ- യുക്രെയിൻ യുദ്ധത്തെ കേന്ദ്രീകരിച്ചാണ് ട്രംപും പുടിനും ചർച്ച നടത്തിയത്. പുടിനുമായുള്ള ഫോൺ സംഭാഷണത്തിൽ ഇന്ത്യയുടെ നിലപാട് പ്രധാനമന്ത്രി ആവർത്തിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം അറിയിച്ചത്. യുദ്ധം സമാധാനപരമായി പരിഹരിക്കേണ്ടതിന്റെ ആവശ്യകത ഇന്ത്യ വ്യക്തമാക്കി.
യുക്രെയിൻ-റഷ്യ യുദ്ധം അവസാനിപ്പിക്കുന്നതിനും പരിഹാരം കണ്ടെത്തുന്നതിനും ഇന്ത്യയുടെ പൂർണ പിന്തുണയുണ്ടാകുമെന്ന് പ്രസ്താവനയിൽ പറയുന്നു. റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനെ കുറിച്ചും ചർച്ച നടന്നു. ഇരുരാജ്യങ്ങളും തമ്മിൽ സഹകരണം കൂടുതൽ ഉയർത്തുന്നത് കേന്ദ്രീകരിച്ചായിരുന്നു ചർച്ച.
യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയെ കുറിച്ച് താനുമായി പങ്കുവച്ചതിന് നന്ദിയെന്ന് പ്രധാനമന്ത്രി എക്സിൽ കുറിച്ചു. റഷ്യ- യുക്രെയിൻ സംഘർഷത്തിന് സമാധാനപരമായ പരിഹാരം കണ്ടെത്തുന്നതിനും പിന്തുണയ്‌ക്കുന്നതിനും ഭാരതം എന്നും ഒപ്പമുണ്ടാകുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
കഴിഞ്ഞ ദിവസമാണ് റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും കൂടിക്കാഴ്ച നടത്തിയത്. യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള മാർഗങ്ങളെ കുറിച്ച് ചർച്ച ചെയ്തതായി കൂടിക്കാഴ്ചയ്‌ക്ക് ശേഷം പുടിൻ പറഞ്ഞു.















