എറണാകുളം: അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസിൽ രാമായണ മാസാചരണം സംഘടിപ്പിച്ചു. കൾച്ചറൽ എജ്യുക്കേഷൻ ആൻഡ് ഇന്ത്യ സ്റ്റഡീസ് വിഭാഗവും സനാതന സ്കൂൾ ഓഫ് ലൈഫും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. കൊച്ചി ബ്രഹ്മസ്ഥാനം ക്യാമ്പസിൽ സംഘടിപ്പിച്ച രാമായണ മാസാചരണത്തിന്റെ ഭാഗമായി നടന്ന പരിപാടിയിൽ മാതാ അമൃതാനന്ദമയി മഠം ജനറൽ സെക്രട്ടറി സ്വാമി പൂർണാമൃതാനന്ദപുരി അനുഗ്രഹ പ്രഭാഷണം നടത്തി.

നമ്മുടെ ഉള്ളിലെ ചിന്തയാണ് ഈശ്വരനെന്ന് അനുഗ്രഹ പ്രഭാഷണത്തിൽ സ്വാമി പൂർണാമൃതാനന്ദപുരി പറഞ്ഞു. ജീവിതത്തിൽ വിജയമുണ്ടാകാൻ ഗുരുവിന്റെ അനുഗ്രഹം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമൃത വിശ്വവിദ്യാപീഠം കൊച്ചി ക്യാമ്പസ് ഡയറക്ടർ ഡോ. യു കൃഷ്ണകുമാർ, കൾച്ചറൽ എജ്യുക്കേഷൻ ആൻഡ് ഇന്ത്യ സ്റ്റഡീസ് വിഭാഗം പ്രതിനിധി ജ്യോതിഷ്മയി വി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ആഘോഷങ്ങളുടെ ഭാഗമായി കൊയിലാണ്ടി മാതാ അമൃതാനന്ദമയി മഠാധിപതി സ്വാമി സുമേതാമൃത ചൈതന്യയുടെ കാർമികത്വത്തിൽ സുദർശന ഹോമവും നടന്നു.
കുടുംബ വിദ്യാഭ്യാസ സാമൂഹിക മൂല്യങ്ങൾ അടിസ്ഥാനമാക്കി നടത്തിയ പാനൽ ചർച്ചയിൽ അമൃത സ്കൂൾ ഓഫ് സ്പിരിച്വൽ ആൻഡ് കൾച്ചറൽ സ്റ്റഡീസ് പ്രിൻസിപ്പൽ സ്വാമി അച്യുതാമൃത ചൈതന്യ, സാഹിത്യകാരൻ ബാബുരാജ് കലമ്പൂർ, വാഗ്മി പിയൂഷ് ജി എന്നിവർ പങ്കെടുത്തു. സമാപന സമ്മേളനത്തിൽ ചടങ്ങിലെ വിശിഷ്ടാതിഥിയും മുൻ സംസ്ഥാന പൊലീസ് മേധാവിയുമായ അലക്സാണ്ടർ ജേക്കബ് ഐപിഎസ് മുഖ്യപ്രഭാഷണം നടത്തി. രാമായണ മാസാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച രാമായണ പാരായണം, ചിത്രരചന എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ വിജയികളായവർക്കുള്ള സമ്മാനദാനവും ചടങ്ങിൽ നടന്നു.















