പാഠ്യപദ്ധതി പരിഷ്കരണവുമായി ബന്ധപ്പെട്ട് നാലാം ക്ലാസിലെ പരിഷ്കരിച്ച പരിസരപഠനം ടീച്ചർ ടെക്സ്റ്റിന്റെ കരടിൽ നേതാജി സുഭാഷ് ചന്ദ്ര ബോസിന്റെ വിവരണത്തിൽ ചരിത്രപരമായ ചില പിശകുകൾ മാപ്പർഹിക്കാത്തതാണെന്ന് എബിവിപി സംസ്ഥാന സെക്രട്ടറി ഈ യു ഈശ്വരപ്രസാദ്. ഈ വിഷയവുമായി ബന്ധപ്പെട്ട് പൊതുവിദ്യാഭ്യാസ മന്ത്രിക്കും കേന്ദ്രവിദ്യാഭ്യാസമന്ത്രിക്കും NCERT ഡയറക്ടർക്കും എബിവിപി പരാതി നൽകി.
കൈപുസ്തകത്തിൽ പിശക് വരുത്തിയ രചന സമിതി അംഗങ്ങളെ ഡീ ബാർ ചെയ്യുമെന്ന് പൊതു വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. അധികാരികളുടെ ശ്രദ്ധയിൽപെട്ടപ്പോൾ തന്നെ അതിൽ തിരുത്തലുകൾ വരുത്താനും ചരിത്രപരമായ വസ്തുകൾ ചേർത്ത് മാത്രമേ പുസ്തകം പ്രിന്റ് ചെയ്യാവൂവെന്ന നിർദ്ദേശം എസ്.സി.ഇ.ആർ.ടി.ക്ക് നൽകിയിട്ടുണ്ടെന്നാണ് പൊതു വിദ്യാഭ്യാസമന്ത്രി പറയുന്നത്.
ചരിത്ര വസ്തുതകളെ രാഷ്ട്രീയ ലക്ഷ്യത്തിന് വേണ്ടി വളച്ചൊടിക്കുന്ന കേന്ദ്രസർക്കാരിന്റെ നിലപാടല്ല ഈ കാര്യത്തിൽ സംസ്ഥാന സർക്കാരിനുള്ളത് എന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ വാദം കള്ളൻ സത്യം മാത്രമേ പറയാറുള്ളൂ എന്നത് പോലെയാണ്. ടിപ്പു സുൽത്താന്റെ വർഗീയ വേട്ടകളും മലബാർ കലാപവും സിലബസിൽ സ്വാതന്ത്ര്യസമരമാക്കി മാറ്റാൻ ശ്രമിക്കുന്ന സർക്കാരിന്റെ പുതിയ പദ്ധതിയാണ് നേതാജി സുഭാഷ് ചന്ദ്രബോസിന്റെ ചരിത്രം തിരുത്താൻ ശ്രമിച്ചത്.
നേതാജിയെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ പാർട്ടി ജപ്പാന്റെ ചെരുപ്പ് നക്കി എന്ന് വിളിച്ചത് ഈ സമൂഹം കണ്ടതാണ്. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കുന്നത് ഇടതുപക്ഷത്തിന്റെ പൊതുനയമാണ്. വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയുടെ ചരിത്രപ്രസംഗം വിലപ്പോവില്ല. സ്വാതന്ത്ര്യസമര സേനാനികളെ അപമാനിക്കാനും ചരിത്രത്തെ വികലമായി പഠിപ്പിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പ് ഉപയോഗിക്കാമെന്ന് കമ്മ്യൂണിസ്റ്റ് സർക്കാർ കരുതണ്ട. ഇത്തരം തെറ്റുകൾ ആവർത്തിച്ചാൽ എബിവിപിയുടെ പ്രതിഷേധം പരാതികളിൽ ഒതുങ്ങില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഇത്തരം പിശകുകൾ വരുത്തിയ പാഠപുസ്തക രചനാസമിതി അംഗങ്ങളെ തുടർന്നുള്ള അക്കാദമിക പ്രവർത്തനങ്ങളിൽ നിന്നും ഡീബാർ ചെയ്യാൻ എസ്.സി.ഇ.ആർ.ടിക്ക് നിർദ്ദേശം നൽകിയത് എബിവിപി സ്വാഗതം ചെയ്യുന്നു.















