ബെംഗളൂരു: പോക്സോ നിയമത്തിന് ലിംഗഭേദമില്ലെന്ന് കർണാടക ഹൈക്കോടതി. പോക്സോ വകുപ്പുകൾ പ്രകാരമുള്ള എഫ്‌ഐആർ റദ്ദാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് 52 കാരി സമർപ്പിച്ച ഹർജിയിലാണ് കോടതിയുടെ നിരീക്ഷണം. എഫ്ഐആർ റദ്ദാക്കാൻ വിസമ്മതിച്ച കോടതി ലൈംഗിക അതിക്രമം ഉൾപ്പെടുന്ന നിയമത്തിലെ വകുപ്പുകൾ ലിംഗ ഭേദമില്ലാതെ ചുമത്താമെന്നും വ്യക്തമാക്കി.
അയൽവാസിയായ 13 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിലാണ് 52 കാരിക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് സാമ്പത്തിക ലാഭത്തിന് വേണ്ടി കെട്ടിച്ചമച്ചതാണെന്ന് ആരോപിച്ചാണ് 52 കാരി കോടതിയെ സമീപിച്ചത്.
എഫ്ഐആറിൽ ആരോപിക്കുന്ന കുറ്റകൃത്യം 2020-ൽ നടന്നതാണെന്നും, ആൺകുട്ടിയുടെ കുടുംബം പണം ലക്ഷ്യമിട്ടാണ് 2024-ൽ പരാതി നൽകിയതെന്നും പ്രതിയായ സ്ത്രീയുടെ അഭിഭാഷകൻ വാദിച്ചു. വാദം തള്ളിയ കോടതി പരാതി രജിസ്റ്റർ ചെയ്യുന്നതിലെ കാലതാമസം എഫ്‌ഐആർ റദ്ദാക്കാനുള്ള കാരണമല്ലെന്ന് വ്യക്തമാക്കി.
ശാരീരിക വേഴ്ചയിൽ പുരുഷന് മാത്രമേ സജീവ പങ്കാളിയാകാൻ കഴിയൂ എന്നും സ്ത്രീക്ക് നിഷ്ക്രിയ പങ്കാളിയാകാൻ മാത്രമേ കഴിയൂ എന്നുമുള്ള ഹർജിക്കാരിയുടെ വാദവും കോടതി തള്ളിക്കളഞ്ഞു.















