ലോസ് ഏഞ്ചൽസ്: ഇലക്ട്രിക് കാറുകളുമായി പോയ ട്രക്കിന് തീപിടിച്ചു. ലോസ്ഏഞ്ചൽസിലെ സിൽമർ ഗോൾഡൻ സ്റ്റേറ്റ് ഫ്രീവേയിലാണ് അപകടമുണ്ടായത്. ട്രക്കിലുണ്ടായിരുന്ന ആറ് കാറുകളും കത്തിനശിച്ചു. ടെസ്ലയുടെ കാറുകളിലാണ് തീപിടിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വ്യാപകമായി പ്രചരിക്കുന്നതിന് പിന്നാലെയാണ് അപകടവാർത്ത പുറംലോകം അറിഞ്ഞത്.
തീപിടിക്കാനുള്ള കാരണം വ്യക്തമല്ല. എട്ട് കാറുകളാണ് ട്രക്കിൽ ഉണ്ടായിരുന്നത്. ഇതിൽ ആറെണ്ണം പൂർണമായും കത്തിനശിച്ചു. അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. തീപടർന്നതിന് പിന്നാലെ തന്നെ രണ്ട് കാറുകൾ മാറ്റിയിരുന്നു. അഗ്നിരക്ഷാസേന എത്തി തീയണയ്‌ക്കാനുള്ള ശ്രമങ്ങൾ പെട്ടെന്ന് തുടങ്ങിയെങ്കിലും നാല് മണിക്കൂറെടുത്താണ് തീനിയന്ത്രണ വിധേയമാക്കാനായത്.
ഇലക്ട്രിക് കാറുകളുടെ ബാറ്ററികൾക്ക് തീപിടിച്ചതാണ് അപകടത്തിന്റെ ആഘാതം വർദ്ധിപ്പിച്ചത്. തുടർന്ന് തീയണയ്‌ക്കാനും ഏറെ സമയമെടുത്തിരുന്നു.















