എറണാകുളം: ലൈംഗിക പീഡനക്കേസിൽ റാപ്പർ വേടന്റെ (ഹിരൺ ദാസ് മുരളി) അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. വേടൻ സമർപ്പിച്ച മുൻകൂർ ജാമ്യഹർജിയിൽ തീരുമാനമാകുന്നത് വരെ അറസ്റ്റ് പാടില്ലെന്ന് ജസ്റ്റിസ് ബെച്ചുകുര്യൻ വ്യക്തമാക്കി. വേടൻ സമർപ്പിച്ച ജാമ്യഹർജിയിൽ വാദം കേൾക്കുന്നതിനിടെയാണ് കോടതി ഇടപെടൽ. വേടനെതിരെ ഗുരുതര ആരോപണങ്ങളാണ് യുവതിയുടെ അഭിഭാഷക ഉന്നയിച്ചത്.
വിവാഹവാഗ്ദാനം നൽകിയാണ് വേടൻ പീഡിപ്പിച്ചതെന്നും പെട്ടെന്നൊരു സുപ്രഭാതത്തിൽ എല്ലാം ഉപേക്ഷിച്ച് പോവുകയായിരുന്നെന്നും യുവതി ആരോപിച്ചു. വേടൻ ഉപേക്ഷിച്ച് പോയതോടെ മാനസികനില തകർന്നു. കാലങ്ങളോളം ചികിത്സിക്കേണ്ടിവന്നു. സാധരണ ജീവിതത്തിലേക്ക് വരാൻ ഒരുപാട് സമയമെടുത്തുവെന്നും പരാതിക്കാരിയുടെ അഭിഭാഷക കോടതിയെ അറിയിച്ചു. വേടനെതിരെ രണ്ട് ലൈംഗികാതിക്രമ പരാതികൾ കൂടി ഉയർന്നിട്ടുണ്ടെന്ന കാര്യവും കോടതിയെ അറിയിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം നടന്ന വാദത്തിൽ പരാതിക്കാരിയായ യുവഡോക്ടറുമായുള്ള ബന്ധത്തെ കുറിച്ച് വേടൻ സമ്മതിച്ചിരുന്നു. എന്നാൽ വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന വാദം തെറ്റാണെന്നും തനിക്കെതിരെ ബലാത്സംഗക്കുറ്റം നിലനിൽക്കില്ലെന്നും വേടൻ കോടതിയിൽ വാദിച്ചു.















