ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി കൂടിക്കാഴ്ച നടത്തി ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് കൂടിക്കാഴ്ച നടന്നത്. ഡൽഹിയിൽ നടന്ന ഉന്നതതല മന്ത്രിമാരുടെ ചർച്ചകൾക്ക് ശേഷമാണ് ചൈനീസ് വിദേശകാര്യ പ്രധാനമന്ത്രിയെ സന്ദർശിച്ചത്.
ചൈനീസ് വിദേശകാര്യ മന്ത്രിയെ കാണാൻ കഴിഞ്ഞതിലും ചർച്ച നടത്താൻ സാധിച്ചതിലും സന്തോഷമുണ്ടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം പ്രധാനമന്ത്രി എക്സിൽ കുറിച്ചു. എസ് സിഒ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനും അടുത്ത തങ്ങളുടെ കൂടിക്കാഴ്ചയ്ക്കും വേണ്ടിയും കാത്തിരിക്കുകയാണ്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ആഗോള സമാധാനത്തിനും സമൃദ്ധിക്കും പുരോഗതി കൊണ്ടുവരുമെന്നും പ്രധാനമന്ത്രി എക്സിൽ കുറിച്ചു.
അതിർത്തിയിലെ സമാധാനവും ശാന്തിയും ഇരുരാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധത്തിന് അനിവാര്യമാണെന്ന് പ്രധാനമന്ത്രി കൂടിക്കാഴ്ചയിൽ ചൂണ്ടിക്കാട്ടിയതായി വൃത്തങ്ങൾ പറഞ്ഞു. ഷാങ്ഹായ് സഹകരണ സംഘടനയുടെ ഉച്ചകോടിക്കായി പ്രധാനമന്ത്രി ചൈനയിലേക്ക് പോകാനിരിക്കെയാണ് ഈ സുപ്രധാന കൂടിക്കാഴ്ച.
വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷം വാങ് യി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ സന്ദർശിച്ചിരുന്നു. കഴിഞ്ഞ ഒമ്പത് മാസമായി ഇന്ത്യ- ചൈന ബന്ധത്തിൽ പുരോഗതിയുണ്ടെന്നും അതിർത്തികളിൽ സമാധാനം നിലനിർത്തുമെന്നും കൂടിക്കാഴ്ചയ്ക്ക് ശേഷം അജിത് ഡോവൽ പറഞ്ഞു.















