തിരുവനന്തപുരം: രാഷ്‌ട്രപതി ദ്രൗപദി മുർമുവിനും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഓണക്കോടി ഒരുങ്ങുന്നു. തിരുവനന്തപുരം പെരിങ്ങമ്മലയിൽ നിന്നാണ് ഓണക്കോടി തയാറാക്കുന്നത്. രാഷ്‌ട്രപതിക്ക് ബാലരാമപുരം കൈത്തറിയുടെ റോയൽസാരിയും പ്രധാനമന്ത്രിക്ക് പൊന്നാടയുമാണ് ഒരുക്കുന്നത്.
രാഷ്‌ട്രപതിക്ക് സ്വർണക്കസവിൽ ടിഷ്യു മെറ്റീരിയലിലാണ് സാരി തയാറാക്കുന്നത്. പ്രധാനമന്ത്രിക്ക് ടിഷ്യു മെറ്റീരിയലിൽ സ്വർണക്കസവ് കള്ളികളായ് നെയ്താണ് തയാറാക്കുന്നത്. 15 റോയൽസാരികൾ, 110 പൊന്നാട, 15 റോയൽ പൊന്നാട എന്നിവയാണ് കൈത്തറി കലാകാരന്മാർ ഒരുക്കിയിരിക്കുന്നത്.
കല്ലിയൂർ പെരിങ്ങമ്മല കേന്ദ്രമായ ജയ്കിഷ് ഹാന്റ്ലൂം വീവേഴസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിക്കാണ് ഓർഡർ ലഭിച്ചത്. സംസ്ഥാന കൈത്തറി ഡയറക്ടറേറ്റ് ഹാൻടെക്സിന് നൽകിയ ഓർഡർ പ്രകാരമായിരുന്നു ഓർഡർ. ഇത് നാലാം തവണയാണ് ഓണം പ്രമാണിച്ച് പ്രധാനമന്ത്രി ഉൾപ്പെട്ട കേന്ദ്ര മന്ത്രിമാർക്ക് കൈത്തറി വസ്ത്രങ്ങൾ തയാറാക്കുന്നത്.















