ന്യൂഡൽഹി: വിചിത്ര വിധിയുമായി സുപ്രീംകോടതി. 15 വയസ് പൂർത്തിയായ മുസ്ലിം പെൺകുട്ടികൾക്ക് ഇഷ്ടമുള്ളയാളെ വിവാഹം കഴിക്കാൻ അവകാശമുണ്ടെന്ന പഞ്ചാബ്-ഹരിയാന ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു. 16 വയസുള്ള മുസ്ലിം പെൺകുട്ടിയുടെയും 30 വയസുകാരന്റെയും വിവാഹം ചോദ്യം ചെയ്ത് ദേശീയ ബാലാവകാശ കമ്മിഷൻ നൽകിയ ഹർജി സുപ്രീംകോടതി തള്ളി. ജസ്റ്റിസ് ബി.വി. നാഗരത്ന, ജസ്റ്റിസ് ആർ. മഹാദേവൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി പരിഗണിച്ചത്. ബാലാവകാശ കമ്മീഷണന് വിഷയത്തിൽ യാതൊരു അധികാരവുമില്ലെന്നും ബെഞ്ച് പറഞ്ഞു.
2022 ലാണ് പഞ്ചാബ്-ഹരിയാന കോടതി വിധിയുണ്ടായത്. പതിനഞ്ച് വയസോ അല്ലെങ്കിൽ ഋതുമതിയോ ആയ പെൺകുട്ടിക്ക് മാതാപിതാക്കളുടെ സമ്മതമില്ലാതെ ഇഷ്ടമുള്ളയാളെ വിവാഹം കഴിച്ച് ഒപ്പം താമസിക്കാമെന്നായിരുന്നു കോടതിയുടെ ഉത്തരവ്. പ്രമുഖ ഇസ്ലാമത ഗ്രന്ഥമായ സർ ദിൻഷാ ഫർദുൻജി മുല്ല എഴുതിയ മുഹമ്മദൻ നിയമത്തിലെ തത്വങ്ങളുടെ 195-ാം ആർട്ടിക്കിൾ ഉദ്ധരിച്ച് കൊണ്ടായിരുന്നു അന്നത്തെ ഹൈക്കോടതിയുടെ ഉത്തരവ്. ഈ വിധിക്കെതിരെയായിരുന്നു ദേശീയ ബാലാവകാശ കമ്മീഷൻ സുപ്രീംകോടതിയെ സമീപിച്ചത്.
സുപ്രീംകോടതി വിധിയിൽ ദേശീയ ബാലാവകാശ കമ്മീഷൻ അദ്ധ്യക്ഷൻ പ്രിയങ്ക് കനൂങ്കോ ആശങ്ക പ്രകടിപ്പിച്ചു. വിധി ‘അപകടകരമാണ്’ എന്ന് പറഞ്ഞ അദ്ദേഹം ഇതിന്റെ മറവിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ ചൂഷണം ചെയ്യാൻ സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടി.
നിലവിൽ 18 വയസാണ് ഇന്ത്യയിൽ പെൺകുട്ടികളുടെ വിവാഹ പ്രായം. മതനിയമത്തിനാണോ ഭരണഘടനയ്‌ക്കാണോ സുപ്രീംകോടതി പ്രാധാന്യം നൽകുന്നത് എന്ന ചോദ്യമാണ് പ്രധാനമായും ഉയരുന്നത്. വലിയ ചർച്ചകൾക്കും വിധി വഴിവക്കുമെന്നും ഉറപ്പാണ്.















