കോഴിക്കോട്: ലോറിയുടമ മനാഫിന്റെ ബന്ധങ്ങൾ അന്വേഷിക്കണം എന്ന ആവശ്യം ശക്തമാകുന്നു. സോഷ്യൽ മീഡിയയിൽ അടക്കം വിഷയം വലിയ ചർച്ചയാകുന്നുണ്ട്. മനാഫിന്റെ ചാരിറ്റി പ്രവർത്തനം അന്വേഷിക്കണമെന്നും ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. നിലവിൽ ധർമ്മസ്ഥല ആക്ഷൻ കമ്മിറ്റിയംഗം എന്ന പേരിൽ ചാനൽ ചർച്ചയിൽ സജീവമാണ് മനാഫ്.
കഴിഞ്ഞ ഏതാനും ആഴ്ചകളായി ധർമ്മസ്ഥലയിൽ തമ്പടിച്ച് ഇയാൾ യൂട്യൂബ് വീഡിയോ ചെയ്യുന്നുണ്ട്. മനാഫിന്റെ ഇടപെടലിലാണ് മലയാള മാദ്ധ്യമങ്ങൾ വിഷയം സജീവമായി ചർച്ച ചെയ്തത്. വിഷയം കേരളത്തിൽ ശ്രദ്ധിക്കപ്പെടാനുള്ള ടൂളായിരുന്നു മനാഫ് എന്നും സംശയിക്കേണ്ടിവരും. വലിയ ഗൂഢാലോചന നടന്നെന്ന സംശയവുമുണ്ട്.
കഴിഞ്ഞ ദിവസം ജനം ടിവി ഡിബേറ്റിൽ പങ്കെടുത്ത് കൊണ്ടുള്ള മനാഫിന്റെ വാക്കുകളും വിചിത്രമാണ്. കാണാതായ പെൺകുട്ടിയുടെ ഫോട്ടോ ചോദിച്ചെങ്കിലും ആക്ഷൻ കമ്മിറ്റിയംഗമായ മനാഫ് മറുപടിയില്ലാതെ ഒഴിഞ്ഞുമാറി. കാണാതായെന്നും കൊല്ലപ്പെട്ടുവെന്നും പറയപ്പെടുന്ന അനന്യ ഭട്ടിന്റെ ചിത്രമാണ് തെളിവായി ചോദിച്ചത്.
പരാതി നൽകിയ അനന്യയുടെ അമ്മ സുജാത ഭട്ട് തന്റെ അണ്ടറിലാണെന്നും മനാഫ് അവകാശപ്പെട്ടു. കൂടാതെ തനിക്ക് ഇപ്പോൾ അത്യാവശ്യം പവറുണ്ടെന്നും ഇയാൾ പറയുന്നുണ്ട്. അഞ്ച് മാസം മുൻപാണ് ജസ്റ്റിസ് ഫോർ സൗജന്യയുടെ ആളുകൾ തന്ന സമീപിച്ച് വിഷയത്തിൽ ഇടപെടാൻ ആവശ്യപ്പെട്ടെന്നും മനാഫ് പറയുന്നു.
ഷിരൂരില്‍ പണ്ട് ലോറി അപകടമുണ്ടായി അര്‍ജുന്‍ എന്ന ലോറി ഡ്രൈവര്‍ മരിച്ച കേസില്‍ അര്‍ജുന്റെ വീട്ടുകാര്‍ തള്ളിപ്പറഞ്ഞ വ്യക്തികൂടിയാണ് മനാഫ്. ധര്‍മ്മസ്ഥലയെക്കുറിച്ച് ഭീതിപരത്തുന്ന വിവരണങ്ങളാണ് ആദ്യം മുതലേ ഇയാള്‍ നല്കിയിരുന്നത്.
ധർമ്മസ്ഥലയിൽ നൂറുകണക്കിന് സ്ത്രീകളുടെ മൃതദേഹങ്ങൾ മറവുചെയ്തെന്ന ആരോപണത്തിൽ അന്വേഷണം തുടങ്ങിയിട്ട് ദിവസങ്ങൾ പിന്നിടുന്നു. ഇതുവരെയും കാര്യമായെന്തെങ്കിലും കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടുമില്ല. കൂടാതെ നൂറോളം സ്ത്രീകളുടെ ശവങ്ങള്‍ മറവുചെയ്തു എന്നത് കള്ളക്കഥയാണെന്ന് ശുചീകരണത്തൊഴിലാളി തന്നെ പ്രത്യേക അന്വേഷണസംഘത്തോട് വെളിപ്പെടുത്തുകയും ചെയ്തു. ക്ഷേത്ര നഗരത്തെ തകർക്കാൻ വൻ ഗൂഢാലോചന നടന്നുവെന്ന ആരോപണം ശരിവയ്‌ക്കുന്നതാണ് പുതിയ സംഭവവികാസങ്ങൾ.















