ന്യൂഡൽഹി: ധാർമ്മികതയെ ചോദ്യം ചെയ്ത ആലപ്പുഴ എംപി കെ. സി വേണുഗോപാലിന് ചുട്ടമറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ഒരു മാസത്തിലധികം ജയിലിലാകുന്ന മന്ത്രിമാർക്ക് സ്ഥാനം നഷ്ടമാകുന്ന നിർണായക ഭരണഘടനാ ഭേദഗതി ബില്ലിനിടെയാണ് വാക് പോര്.
ഗുജറാത്ത് ആഭ്യന്തരമന്ത്രിയായിരിക്കെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടില്ലേയെന്നും ധാർമ്മികതയുടെ പേരിൽ രാജിവച്ചോ എന്നായിരുന്ന കെ.സി വേണുഗോപാലിന്റെ ചോദ്യം. പിന്നാലെ എഴുന്നേറ്റ് നിന്ന് കൊണ്ടായിരുന്നു അമിത് ഷായുടെ മറുപടി. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ജനങ്ങളോടുള്ള ഉത്തരവാദിത്തത്തിന്റെ പേരിൽ താൻ രാജിവച്ചിരുന്നവെന്ന് അമിത് ഷാ പറഞ്ഞു. പിന്നീട് കോടതി തന്നെ കുറ്റവിമുക്തനാക്കിയ ശേഷമാണ് ഭരണഘടനാ സ്ഥാനങ്ങൾ ഏറ്റെടുത്തതെന്നും അദ്ദേഹം വ്യക്തമാക്കി.
കേന്ദ്ര ആഭ്യന്തര മന്ത്രി ബിൽ അവതരിപ്പിച്ചതിന് പിന്നാലെ പതിവ് പോലെ പ്രതിപക്ഷം ബഹളം തുടങ്ങി. പിന്നാലെ നാടകീയ രംഗങ്ങൾക്കാണ് സഭ സാക്ഷ്യം വഹിച്ചത്.
പ്രതിപക്ഷം ഭരിക്കുന്ന സംസ്ഥാനങ്ങളെ അസ്ഥിരപ്പെടുത്താനുള്ള ശ്രമം എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. ബില്ലിന്റെ പകർപ്പ് വലിച്ച് കീറിയാണ് തൃണമൂൽ അംഗങ്ങളുടെ പ്രകടനം. മുദ്രാവാക്യങ്ങൾ വിളിച്ച് സഭാ നടപടികൾ തടസ്സപ്പെടുത്താനും ശ്രമമുണ്ടായി. എന്നാൽ ബില്ലിൽ തെറ്റില്ലെന്നും ജെപിസിയിൽ വിശദമായി ചർച്ച നടക്കട്ടെയെന്നും ശശി തരൂർ എംപി പാർലമെന്റിന് പുറത്ത് മാദ്ധ്യമങ്ങളോട് പറഞ്ഞു. ഒടുവിൽ ബില്ലുകൾ കൂടുതൽ ചർച്ചയ്‌ക്കായി സംയുക്ത പാർലമെന്ററി കമ്മിറ്റിക്ക് (ജെപിസി) അയയ്‌ക്കാമെന്ന് അമിത് ഷായുടെ നിർദ്ദേശത്തോടെ സഭ പിരിയുകയായിരുന്നു.
30 ദിവസം ജയിലിൽ കിടന്നാൽ മന്ത്രി സ്ഥാനം നഷ്ടമാകുന്ന നിർണ്ണായ ഭരണഘടനാ ഭേദഗതി ബില്ലാണ് ഇന്ന് അവതരിപ്പിച്ചത്. ഭേദഗതി പ്രകാരം പ്രധാനമന്ത്രി, മുഖ്യമന്ത്രി, മന്ത്രിമാർ എന്നിവർ അഞ്ച് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിക്കാവുന്ന ഏതെങ്കിലും കേസിൽ അറസ്റ്റിലായി മുപ്പത് ദിവസം ജയിലിൽ കിടന്നാൽ സ്ഥാനം നഷ്ടമാകും. ജുഡീഷ്യൽ കസ്റ്റഡിക്കും പൊലീസ് കസ്റ്റഡിക്കും ഇത് ബാധകമാണ്.















