ന്യൂഡൽഹി: റഷ്യയിൽ നിന്നും തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ തുടർന്ന് ഇറക്കുമതി തീരുവ വർദ്ധിപ്പിച്ച യുഎസ് നടപടിക്ക് ശേഷവും ഇന്ത്യ എണ്ണ വാങ്ങുന്നത് തുടരുമെന്ന് വിശ്വസിക്കുന്നുവെന്ന് റഷ്യയിലെ മുതിർന്ന ഉദ്യോഗസ്ഥൻ. റഷ്യയുടെ ഡെപ്യൂട്ടി ട്രേഡ് പ്രതിനിധി എവ്ജെനി ഗ്രിവയാണ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കയും ഇന്ത്യയും തമ്മിലുള്ള തീരുവ സംഘർഷങ്ങൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിലാണ് ഉദ്യോഗസ്ഥന്റെ പരാമർശം.
ഏറ്റവും വില കുറഞ്ഞ സ്ഥലത്ത് നിന്ന് എണ്ണ വാങ്ങുക എന്നതാണ് ഇന്ത്യയുടെ നിലപാട്. അതിനെതിരെയുള്ള യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ നിലപാട് യുക്തിരഹിതമാണ്. റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിനാലാണ് യുഎസ് ഇറക്കുമതി തീരുവ 50 ശതമാനമായി വർദ്ധിപ്പിച്ചത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം റഷ്യയുമായി കുറഞ്ഞ ചെലവിൽ വ്യാപാരം നടത്താൻ കഴിയും എന്നതാണ് പ്രധാനം. അതിനാൽ എണ്ണ വാങ്ങുന്നു. ഇന്ത്യ-റഷ്യ ഉഭയകക്ഷി വ്യാപാരം 10 ശതമാനമായി വളരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
തീരുവ സംഘർഷങ്ങൾക്കിടയിൽ റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും പ്രധാനമന്ത്രി നരേന്ദ്രമോദിയും തമ്മിൽ ഫോണിൽ ബന്ധപ്പെട്ടിരുന്നു. തീരുവ വർദ്ധിപ്പിച്ച യുഎസ് നിലപാടിനെ കുറിച്ചും യുക്രെയിൻ- റഷ്യ യുദ്ധത്തെ കുറിച്ചും ഇരുവരും ചർച്ച ചെയ്തു. ചൈനയുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നത് കേന്ദ്രീകരിച്ചും ചർച്ച നടന്നിരുന്നു. ഏഴ് വർഷത്തിന് ശേഷം ചൈന സന്ദർശിക്കാനൊരുങ്ങുകയാണ് പ്രധാനമന്ത്രി.
വ്യാപാരം, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളിൽ റഷ്യയും ഇന്ത്യയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം ശക്തമാക്കുന്നതിനായി വിദേശകാര്യ മന്ത്രി എസ് ജയശങ്കർ മൂന്ന് ദിവസത്തെ റഷ്യ സന്ദർശനത്തിലാണ്.















