തിരുവനന്തപുരം: സംസ്ഥാനത്ത് കർഷകസമരം സംഘടിപ്പിക്കാനൊരുങ്ങി ബിജെപി. ദേശീയ നിർവാഹക സമിതിയംഗം കുമ്മനം രാജശേഖരന്റെ നേതൃത്വത്തിലാണ് കർഷകസമരം സംഘടിപ്പിക്കുന്നത്. സംസ്ഥാനത്തെ വിവിധ കർഷകസംഘടനകളെ അണിനിരത്തിയായിരിക്കും ധർണ സംഘടിപ്പിക്കുക.
കർഷക സമരത്തിന് മുന്നോടിയായി പാലക്കാട് വിവിധ കർഷകസംഘടനകളുടെ നേതൃത്വത്തിൽ കേരള സംയുക്ത കർഷകവേദി രൂപീകരിച്ചു. കേന്ദ്ര കൃഷിമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ കേരളം സന്ദർശിച്ച് കർഷകരിൽ നിന്ന് നേരിട്ട് വിവരങ്ങൾ അന്വേഷിക്കും. കർഷകരുടെ അവകാശങ്ങൾക്കായി സെക്രട്ടറിയേറ്റിന് മുന്നിൽ കർഷക ധർണ നടത്താൻ തീരുമാനിച്ചതായി കുമ്മനം രാജശേഖരൻ പറഞ്ഞു. തിരുവോണത്തിനകം കർഷകരുടെ പണം കൊടുത്ത് തീർക്കണമെന്ന് ആവശ്യപ്പെട്ടാണ് കർഷക ധർണ നടത്തുന്നത്.
കേന്ദ്രസർക്കാർ നൽകിയ പണം സംസ്ഥാന സർക്കാരിന്റെ കയ്യിലുണ്ട്. സംസ്ഥാന സർക്കാർ സാമ്പത്തിക തിരിമറി നടത്തുകയാണ്. നെല്ല് സംഭരിച്ചുകഴിഞ്ഞാൽ 48 മണിക്കൂറിനകം വില നൽകണമെന്ന് കേന്ദ്രവും സംസ്ഥാനവും ഒപ്പിട്ട ധാരണാപത്രത്തിൽ പറയുന്നു. കർഷകരുടെ നെല്ലെടുത്താൽ പണം നൽകാനുള്ള ബാധ്യത സർക്കാരിനുണ്ട്. അത് ഒരിക്കലും ഔദാര്യമല്ല.
നിബന്ധനകൾ പാലിക്കാൻ കഴിഞ്ഞില്ലെങ്കിൽ ഫുഡ് കോർപ്പറേഷൻ ഓഫ് ഇന്ത്യ നെല്ല് സംഭരിക്കാൻ തയാറാണ്. തെറ്റായ വിവരങ്ങൾ നൽകിയും കള്ളക്കണക്ക് പറഞ്ഞും കർഷകരുടെ ആവശ്യങ്ങൾ നിഷേധിക്കാൻ ഓരോ കാരണങ്ങൾ ഉണ്ടാക്കരുത്. കേന്ദ്ര സർക്കാർ നൽകിയ പണം കേരളം കൊടുക്കേണ്ടതാണെന്നും കുമ്മനം രാജശേഖരൻ പറഞ്ഞു.















