ആലുവ: ട്രെയിൻ യാത്രക്കാരെ ശല്യപ്പെടുത്തുന്നുവെന്ന പരാതിയിൽ ട്രാൻസ് ജെൻഡേഴ്സിന് റെയിൽവെയുടെ മുന്നറിയിപ്പ്. ടിക്കറ്റെടുക്കാതെയും യാത്ര ആവശ്യത്തിനല്ലാതെയും ട്രെയിനിൽ സഞ്ചരിച്ചാൽ ജാമ്യമില്ലാത്ത കർശനമായ വകുപ്പുകളോടെ കേസെടുക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
സന്നദ്ദ സംഘടന പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലാണ് ട്രെയിനിൽ സ്ഥിരമായി യാത്ര ചെയ്യുന്ന ട്രാൻസ് ജെൻഡേഴ്സിനെ ആലുവ റെയിൽവെ സ്റ്റേഷനിൽ വിളിച്ച് വരുത്തിയത്. സതേൺ റെയിൽവെ ഐജി യുടെ നിർദേശപ്രകാരമാണ് നടപടി.
ട്രെയിനിൽ കൂട്ടത്തോടെ എത്തുന്ന ഭിന്നലിംഗക്കാർ യാത്രക്കാരോട് പണം ആവശ്യപ്പെടുന്നത് പതിവാണ്. പണം നൽക്കാൻ വിസമ്മതിക്കുന്നവർക്ക് നേരെ മുട്ടുസൂചി പ്രയോഗവും ഇവർ നടത്താറുണ്ട്. ഇത് ചൂണ്ടിക്കാട്ടി നിരവധി പരാതികൾ റെയിൽവെയ്‌ക്ക് ലഭിച്ചിരുന്നു. എറണാകുളം- പാലക്കാട് റൂട്ടിലാണ് ഇവർ യാത്രക്കാരെ കൂടുതൽ ശല്യപ്പെടുത്തുന്നതെന്ന് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു
നിലവിൽ ഇവരെ പിടികൂടിയാലും യാത്രക്കാരെ ശല്യപ്പെടുത്തിയതതിന് നിസാര വകുപ്പുകൾ ചുമത്തി പറഞ്ഞു വിടുകയാണ് പതിവ്. ഇനി യാത്രക്കാരെ അപായപ്പെടുത്താൻ ശ്രമിച്ചതടക്കമുളള ജാമ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുക്കുമെന്നും റെയിൽവെ മുന്നറിയിപ്പ് നൽകി.















