എറണാകുളം : കോടതി പരിസരത്തെ അറസ്റ്റിന് ജഡ്ജിയുടെ അനുമതി വേണമെന്നു ഹെെക്കോടതി നിർദേശിച്ചു. കോടതിപരിസരത്തുവച്ച് ആരെയെങ്കിലും അറസ്റ്റ് ചെയ്യണമെങ്കിൽ പൊലീസ് ബന്ധപ്പെട്ട കോടതിയുടെ അധ്യക്ഷ സ്ഥാനത്തുള്ള ജഡ്ജിയുടെ അനുമതി തേടിയിരിക്കണം.
സ്വമേധയയോ അഭിഭാഷകൻ മുഖേനയോ കീഴടങ്ങാനെത്തുന്നവരെ അറസ്റ്റ് ചെയ്യണമെങ്കിലും കോടതിയുടെ അനുമതി വേണം. അതേസമയം, കോടതിപരിസരത്ത് കുറ്റകൃത്യം നടക്കുന്ന സാഹചര്യത്തിൽ പൊലീസിന് മുൻകൂർ അനുമതിയില്ലാതെ അറസ്റ്റ് ചെയ്യാം. ഒളിവിലുള്ള വാറന്റ് പ്രതികളെ കോടതിപരിസരത്ത് കണ്ടാലും ഉടൻ അറസ്റ്റ് ചെയ്യാം. ഈ സാഹചര്യത്തിൽ ഉടനടി ജഡ്ജിയെ വിവരമറിയിക്കണം.
ആലപ്പുഴ രാമങ്കരി കോടതിയിൽ അഭിഭാഷകനെ അറസ്റ്റ് ചെയ്യാൻ ശ്രമിച്ച സംഭവത്തിൽ സ്വമേധയാ എടുത്ത ഹർജിയിലാണ് ജസ്റ്റിസ് എ കെ ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് ജോബിൻ സെബാസ്റ്റ്യൻ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് വ്യക്തതവരുത്തിയത്.
ഇത്തരം വിഷയങ്ങളിൽ പരാതിപരിഹാരത്തിന് സംസ്ഥാന, ജില്ലാ സമിതികൾ രൂപീകരിക്കണമെന്ന് ഹൈക്കോടതി നിർദേശിച്ചു. കോടതിപരിസരമെന്നാൽ ക്വാർട്ടേഴ്സുകൾ ഒഴികെയുള്ള ഇടങ്ങൾ ഉൾപ്പെടും. കോടതിയുടെ പ്രവർത്തനസമയത്തുമാത്രമേ ഈ മാർഗരേഖ ബാധകമാകൂ.















