ന്യൂഡൽഹി: അനധികൃതമായി രാജ്യത്തേക്ക് കുടിയേറുന്നവർ ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ തട്ടിയെടുക്കുന്നതിൽ ആശങ്ക പ്രകടിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പ്രതിപക്ഷ പാർട്ടികളായ കോൺഗ്രസും ആർജെഡിയും തങ്ങളുടെ വോട്ട് ബാങ്കിന് വേണ്ടി ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുത്ത് അനധികൃത കുടിയേറ്റകാർക്ക് നൽകാൻ ഗൂഢാലോചന നടത്തുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിഹാറിൽ സംഘടിപ്പിച്ച പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
“ബിഹാറിലെ ജനങ്ങളുടെ അവകാശങ്ങൾ തട്ടിയെടുക്കാനും വോട്ട് ബാങ്ക് വർദ്ധിപ്പിക്കാനും കുടിയേറ്റക്കാർക്ക് ഇന്ത്യൻ പൗരന്മാരുടെ അവകാശങ്ങൾ നൽകാനും കോൺഗ്രസും ആർജെഡിയും ആഗ്രഹിക്കുന്നു. കുടിയേറ്റക്കാരെ പിന്തുണയ്‌ക്കുന്നവരെ കുറിച്ച് ബിഹാറിലെ ജനങ്ങൾ അറിഞ്ഞിരിക്കണം”.
അനധികൃതമായി കുടിയേറിയവരല്ല രാജ്യത്തിന്റെ ഭാവി തീരുമാനിക്കേണ്ടത്. നുഴഞ്ഞുകയറ്റക്കാരുടെ എണ്ണം വർദ്ധിക്കുന്നത് ആശങ്കാജനകമാണ്. ബിഹാറിലെ യുവാക്കളുടെ തൊഴിൽ തട്ടിയെടുക്കാൻ നുഴഞ്ഞുകയറ്റക്കാരെ അനുവദിക്കില്ല. രാജ്യത്തുടനീളമുള്ള എല്ലാ അനധികൃത കുടിയേറ്റക്കാരെയും നീക്കം ചെയ്യുമെന്നും പ്രധാനമന്ത്രി പറഞ്ഞു.















