കൊച്ചി: കേന്ദ്രസർക്കാർ ദുരന്ത നിവാരണ ഫണ്ട് നൽകുന്നില്ലെന്ന സംസ്ഥാനത്തിന്റെ സ്ഥിരം വാദത്തിന് മറുപടിയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. യുപിഎ സർക്കാർ അനുവദിച്ചതിനേക്കാൾ പല മടങ്ങ് കൂടുതൽ ഫണ്ട് മോദി സർക്കാർ കേരളത്തിന് നൽകിയിട്ടുണ്ട്. ഇക്കാര്യത്തിൽ പരസ്യ സംവാദത്തിന് മുഖ്യമന്ത്രി പിണറായി വിജയനെ അദ്ദേഹം വെല്ലുവിളിച്ചു.
വോട്ട് ബാങ്കിന് വേണ്ടി എൽഡിഎും യുഡിഎഫും രാജ്യസുരക്ഷയിൽ വിട്ടുവീഴ്ച നടത്തിയെന്നും അമിത് ഷാ വിമർശിച്ചു. കേരളത്തിൽ പോപ്പുലർ ഫ്രണ്ടിനെ ഇരുമുന്നണികളും പ്രോത്സാഹിപ്പിച്ചു. നരേന്ദ്രമോദി അധികാരത്തിൽ വന്നത് കൊണ്ട് മാത്രമാണ് പിഎഫ്ഐ നിരോധനം സാധ്യമായത്.
കേരളത്തിൽ ബിജെപിക്ക് ശക്തമായ അടിത്തറയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിൽ 25 ശതമാനം വോട്ട് ബിജെപി നേടും. അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ വിജയം കൈവരിക്കുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു.
കമ്യൂണിസം കേരളത്തിന്റെ വളർച്ചയെ പിന്നോട്ട് അടിക്കുകയാണ്. കേരളം അർഹിക്കുന്ന വളർച്ച നേടിയിട്ടില്ല. കേരളത്തിലെ ബിജെപി പ്രവർത്തകർ കമ്യൂണിസ്റ്റ് അതിക്രമങ്ങളെ അതീജീവിച്ചാണ് മുന്നോട്ട് പോയത്. സി. സദാനന്ദൻ മാസ്റ്റർ എം. പി കമ്യൂണിസ്റ്റ് ക്രൂരതയുടെ ജീവിക്കുന്ന പ്രതീകമാണെന്നും അമിത് ഷാ പറഞ്ഞു. . കൊച്ചിൽ സ്വകാര്യ മാദ്ധ്യമം സംഘടിപ്പിച്ച കോൺക്ലേവിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.















