അമ്മയെ ഉപേക്ഷിക്കാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഭർത്താവിനെയും മക്കളെയും വകവയ്‌ക്കാതെ കിടപ്പുരോഗിയായ അമ്മയ്ക്കൊപ്പം വീട്ടിൽ നിന്നറങ്ങി നടി ലൗലി ബാബു. 92 വയസുകാരിയായ അമ്മയെ പരിപാലിക്കുന്നതിൽ അമ്മയ്‌ക്കും മക്കൾക്കും താത്പര്യമുണ്ടായിരുന്നില്ല. തുടർന്ന് അമ്മയെ ഉപേക്ഷിക്കാൻ കുടുംബം ആവശ്യപ്പെട്ടു. ഇതോടെ അമ്മയെയും കൂട്ടി വീട്ടിൽ നിന്നിറങ്ങുകയായിരുന്നു ലൗലി ബാബു.
സിനിമാ ജീവിതം പോലും ഉപേക്ഷിച്ച് അമ്മയ്‌ക്കൊപ്പം പത്തനാപുരത്തെ ഗാന്ധിഭവനിലാണ് ലൗലി ബാബു താമസിക്കുന്നത്. ഗാന്ധിഭവന്റെ വൈസ് ചെയർമാനായ അമലാണ് സോഷ്യൽമീഡിയയിലൂടെ ഇക്കാര്യം പങ്കുവച്ചത്. വയസായ അമ്മയെ ഓച്ചിറയിൽ കൊണ്ടുപോയി കളയണം അല്ലെങ്കിൽ ഗുരുവായൂർ ഇരുത്തണമെന്നാണ് ഭർത്താവ് പറഞ്ഞത്. ലൗലിയുടെ മക്കളും ഇതിനൊപ്പം നിന്നും. എന്നാൽ അമ്മയെ ഉപേക്ഷിക്കുന്ന കാര്യം ചിന്തിക്കാൻ പോലും ലൗലിക്ക് സാധിച്ചിരുന്നില്ല.
അമ്മയെ എവിടെയെങ്കിലും കൊണ്ടുപോകണമെന്ന് താൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ താനും കൂടി ഒപ്പമുണ്ടെങ്കിൽ അമ്മയ്‌ക്ക് സന്തോഷമായിരിക്കുമെന്നും കരുതിയതായി ലൗലി പറഞ്ഞു. നീ എന്റെ കൂടെ ഉണ്ടെങ്കിൽ എവിടെ വേണമെങ്കിലും ഞാൻ വന്നോളാമെന്ന് അമ്മ പറഞ്ഞിരുന്നു. മക്കളെയും കൊച്ചുമക്കളെയും പൊന്നുപോലെ വളർത്തി. കാലം മാറിയപ്പോൾ മക്കൾ മാറി. അമ്മയെ നോക്കാൻ ഞാനുണ്ട്. എന്നെ നോക്കാൻ ആരുണ്ടാകും എന്ന ചോദ്യത്തിന് ഗാന്ധിഭവനുണ്ടാകും എന്ന വിശ്വാസത്തിലാണ് താനെന്നും ലൗലി പറഞ്ഞു.















