എറണാകുളം : പഹൽഗാം ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ കുടുംബാംഗങ്ങളെ സന്ദർശിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. കൊച്ചിയിൽ ബിജെപി സംസ്ഥാന അവലോകന യോഗത്തിൽ പങ്കെടുത്ത ശേഷമാണ് അമിത് ഷാ രാമചന്ദ്രന്റെ വീട്ടിലെത്തിയത്. രാമചന്ദ്രന്റെ ഭാര്യ ഷീല, മകൾ ആരതി എന്നിവരുമായി ഏറെ നേരം അദ്ദേഹം സംസാരിച്ചു.
ബിജെപി മുതിർന്ന നേതാക്കളോടൊപ്പമാണ് അമിത് ഷാ രാമചന്ദ്രന്റെ കുടുംബത്തെ കാണാനെത്തിയത്. ബിജെപി സംസ്ഥാന നേതൃയോഗത്തിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു അദ്ദേഹം. യോഗം ഉദ്ഘാടനം ചെയ്ത ശേഷം അമിത് ഷാ തിരുന്നൽവേലിയിലേക്ക് പോയി. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്തുക എന്നതായിരുന്നു അമിത് ഷായുടെ സന്ദർശനലക്ഷ്യം.
മകൾക്കും ഭാര്യയ്‌ക്കുമൊപ്പം അവധി ആഘോഷത്തിനായി പഹൽഗാം സന്ദർശിക്കുന്നതിനിടെയാണ് ഭീകരർ രാമചന്ദ്രന് നേരെ വെടിയുതിർത്തത്. സംഭവസ്ഥലത്ത് വച്ച് തന്നെ രാമചന്ദ്രൻ കൊല്ലപ്പെടുകയായിരുന്നു.















