കൊച്ചി: എടെക് പാസാകാത്ത എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി പ്രവേശനം നൽകിയതായി പരാതി. സാങ്കേതിക സർവകലാശാല സിൻഡിക്കേറ്റ് അംഗവും, എസ്എഫ്ഐ നേതാവുമായിരുന്ന ആഷിഖ് ഇബ്രാഹിംകുട്ടിക്കാണ് ചട്ടവിരുദ്ധമായി പ്രവേശന പരീക്ഷ എഴുതിച്ച് പ്രവേശനം നൽകിയത്. തൃശൂർ ഗവ:എഞ്ചിനീയറിംഗ് കോളേജിലാണ് ആഷിഖ് ഇബ്രാഹിം പിഎച്ച്ഡി ചെയ്യുന്നത്.
എംടെക് പ്രൊഡക്ഷൻ എഞ്ചിനീയറിംഗ് ഒന്നാം സെമസ്റ്റർ പരീക്ഷ എസ്എഫ്ഐ നേതാവ് തോറ്റിരുന്നു. എംടെകിന്റെ എല്ലാം സെമസ്റ്ററും പാസായ അവസാന പരീക്ഷ എഴുതിയ വിദ്യാർത്ഥികൾക്കാണ് പിഎച്ച്ഡി പ്രവേശനത്തിന് യോഗ്യത. എന്നാൽ എസ്എഫ്ഐ നേതാവിന് വേണ്ടി നിയമം കാറ്റിൽ പറത്തി പ്രത്യേക ഉത്തരവിറക്കുകയായിരുന്നു സർവ്വകലാശാല വിസിയായിരുന്ന സജി ഗോപിനാഥ്. സിൻഡിക്കേറ്റ് അംഗം എന്ന സ്വാധീനം ഉപയോഗിച്ചാണ് പ്രവേശനം നേടിയതെന്നാണ് പ്രധാന ആരോപണം.
ക്രമവിരുദ്ധമായി പിഎച്ച്ഡി പ്രവേശനത്തിന് ശേഷം സർവ്വകലാശാല റിസർച്ച് സെക്ഷൻ മാർക്കലിസ്റ്റുകളും പരിശോധിച്ചപ്പോഴാണ് എംടെക് തോറ്റകാര്യം കണ്ടെത്തിയത്. പിന്നാലെ റിസർച്ച് ഡീനിനെ അധിക്ഷേപിച്ച യുവ നേതാവ് ഡീനിനെ ഡെപ്യൂട്ടേ ഷൻ തസ്തികയിൽ തുടരാൻ അനുവദിക്കില്ലെന്നും ഭീഷണിപ്പെടുത്തിയിരുന്നു.
തുടർന്ന് സിപിഎം ഉന്നത കേന്ദ്രങ്ങൾ ഇടപെട്ട് ഐഎച്ച്ആർഡിയിൽ നിന്നുള്ള ഡെപ്യൂട്ടേഷൻ വിലക്കിയതിനെ തുടർന്ന് സർവ്വകലാശാലയ്‌ക്ക് പ്രസ്തുത ഡീനിന്റെ സേവനം നിർത്തലാക്കേണ്ടതായി വന്നു. വിഷയം പ്രത്യേക സമിതിയെ കൊണ്ട് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സാങ്കേതിക സർവ്വകലാശാല വിസിക്ക് നിവേദനം നൽകിയിട്ടുണ്ട്.















