ബെംഗളൂരു: ധർമ്മസ്ഥല കൂട്ടക്കുഴിമാടക്കേസുമായി ബന്ധപ്പെട്ട് കുറ്റക്കാർ ആരായാലും അവർക്കെതിരെ സംസ്ഥാന സർക്കാർ നടപടിയെടുക്കുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ പ്രസ്താവിച്ചു.
അജ്ഞാത പരാതിക്കാരനായി പ്രത്യക്ഷപ്പെട്ടിരുന്ന ചിന്നയ്യയെ അറസ്റ്റ് ചെയ്തതിനെക്കുറിച്ച് ബെംഗളൂരുവിലെ തന്റെ വസതിക്ക് സമീപം ശനിയാഴ്ച മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പരാതിയുമായി ബന്ധപ്പെട്ട് ‘ഗൂഢാലോചന’ എന്ന പോയിന്റ് ആദ്യമായി ഉന്നയിച്ചത് താനാണെന്നും ഡി കെ ശിവകുമാർ പറഞ്ഞു.
“ഞങ്ങൾ അവരുടെ പക്ഷത്തോ ഈ പക്ഷത്തോ അല്ല. ഞങ്ങൾ നീതിയുടെ പക്ഷത്താണ്. മതപരമായ കാര്യങ്ങളിൽ രാഷ്‌ട്രീയം കളിക്കരുത് എന്ന് മാത്രമാണ് ഞങ്ങൾ പറയുന്നത്,” ഡി കെ ശിവകുമാർ പറഞ്ഞു.
“ധർമ്മസ്ഥല ക്ഷേത്ര മാനേജ്‌മെന്റിന്റെ കുടുംബാംഗങ്ങൾ തന്നെ മുഖ്യമന്ത്രിയുമായി സംസാരിക്കുകയും പ്രത്യേക അന്വേഷണ സംഘം (എസ്‌ഐടി) രൂപീകരിക്കുന്നത് നല്ല നടപടിയാണെന്ന് പറയുകയും ചെയ്തു,” ശിവകുമാർ പറഞ്ഞു.
“അന്വേഷണം പുരോഗമിക്കുകയാണ്. കുറ്റക്കാർ ആരായാലും,സർക്കാർ അവർക്കെതിരെ നടപടിയെടുക്കും – മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും ഇത് നിയമസഭയിലും സിഎൽപി യോഗത്തിലും പറഞ്ഞിട്ടുണ്ട്,” അദ്ദേഹം അടിവരയിട്ടു.
അനന്യ ഭട്ട് തന്റെ മകളല്ലെന്ന സുജാത ഭട്ടിന്റെ പ്രസ്താവനയെക്കുറിച്ച് ചോദിച്ചപ്പോൾ, “ആഭ്യന്തരമന്ത്രി അത് പരിശോധിക്കും” എന്ന് അദ്ദേഹം പറഞ്ഞു.
പരാതിക്കാരന്റെ അറസ്റ്റ് ആഭ്യന്തരമന്ത്രി ജി. പരമേശ്വര സ്ഥിരീകരിച്ചു. “അയാളുടെ പിന്നിൽ ആരെങ്കിലും ഉണ്ടോ ഇല്ലയോ എന്ന് അന്വേഷണത്തിന് ശേഷം മാത്രമേ ഞങ്ങൾക്ക് അറിയാൻ കഴിയൂ. എസ്‌ഐടി അന്വേഷണം തുടരുകയാണ്, അവർ ഉചിതമായ തീരുമാനങ്ങൾ എടുക്കും.” മകളെ കാണാതായെന്ന് ആദ്യം അവകാശപ്പെടുകയും പിന്നീട് പ്രസ്താവന പിൻവലിക്കുകയും ചെയ്ത സുജാത ഭട്ടിനെയും എസ്‌ഐടി ചോദ്യം ചെയ്യുന്നുണ്ടെന്ന് ആഭ്യന്തരമന്ത്രി പറഞ്ഞു.
“പരാതി നൽകുന്നവർക്കും ഉത്തരവാദിത്തമുണ്ട്. അന്വേഷണത്തിൽ സുതാര്യത ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ അടിവരയിട്ടു. കുറ്റവാളികൾ ആരായാലും സർക്കാർ അവരെ ശിക്ഷിക്കും. കേസുമായി ബന്ധപ്പെട്ട ആരോപണങ്ങൾ രാഷ്‌ട്രീയപരമാണ്, അവ ശരിയല്ല.”മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നിയമ ഉപദേഷ്ടാവും കോൺഗ്രസ് എംഎൽഎയുമായ എ എസ് പൊന്നണ്ണ മൈസൂരുവിൽ പറഞ്ഞു.
“അന്വേഷണ സമയത്ത് ധർമ്മസ്ഥല ക്ഷേത്രത്തിന്റെ ബഹുമാന്യത നിലനിർത്തണമെന്ന് സർക്കാർ ഊന്നിപ്പറഞ്ഞിട്ടുണ്ട്. അന്വേഷണം നടത്തരുതെന്ന് ആർക്കെങ്കിലും പറയാൻ കഴിയുമോ? വ്യാജ കേസ് രജിസ്റ്റർ ചെയ്ത് ഒരു സാഹചര്യം സൃഷ്ടിച്ചാൽ അത് കുറ്റകൃത്യമാണ്. ഈ സാഹചര്യത്തിൽ, പരാതിക്കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്,” പൊന്നണ്ണ കൂട്ടിച്ചേർത്തു.















