തിരുവനന്തപുരം: ഗണേശോത്സവത്തില്‍ പരിസ്ഥിതി സൗഹൃദം ഉറപ്പാക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പുറപ്പെടുവിച്ചു. 2010 ല്‍ സെന്‍ട്രല്‍ പൊല്യൂഷന്‍ കണ്‍ട്രോള്‍ ബോര്‍ഡ് പുറത്തിറക്കിയതും 2020 ല്‍ പുതുക്കിയതുമായ മാര്‍ഗരേഖകള്‍ അടിസ്ഥാനമാക്കിയാണ് നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.
വിഗ്രഹ നിമജ്ജനത്തിനായി പരമാവധി ചെറുതും കളിമണ്ണില്‍ നിര്‍മിച്ചതുമായ വിഗ്രഹങ്ങള്‍ മാത്രം ഉപയോഗിക്കണം. പ്ലാസ്റ്റര്‍ ഓഫ് പാരീസ്, പ്ലാസ്റ്റിക്, തെര്‍മോകോള്‍ എന്നിവകൊണ്ടുള്ള വിഗ്രഹങ്ങള്‍ ഒഴിവാക്കണം. വിഗ്രഹം നിമജ്ജനം ചെയ്‌യുന്നതിനുമുമ്പ് അതിലെ അലങ്കാരങ്ങള്‍, പൂക്കള്‍, മാലകള്‍, തുണികള്‍ എന്നിവയെല്ലാം നീക്കം ചെയ്‌യണം. ഈ മാലിന്യങ്ങള്‍ ജലാശയങ്ങളില്‍ കലരാത്ത രീതിയില്‍ പ്രത്യേകം ശേഖരിച്ച് ശാസ്ത്രീയമായി നിര്‍മാര്‍ജനം ചെയ്‌യണം.
വിഗ്രഹങ്ങള്‍ നിര്‍മ്മിക്കാന്‍ വിഷമയമല്ലാത്ത പ്രകൃതിദത്ത ചായങ്ങള്‍ മാത്രം ഉപയോഗിക്കണം. കിണറുകള്‍, നദികള്‍, തടാകങ്ങള്‍ തുടങ്ങിയ ശുദ്ധജല സ്രോതസ്സുകളില്‍ വിഗ്രഹം നിമജ്ജനം ചെയ്‌യാതെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ നിര്‍ദിഷ്ട സ്ഥലങ്ങളില്‍ തയ്‌യാറാക്കുന്ന പ്രത്യേക കുളങ്ങള്‍ മാത്രം ഇതിനായി ഉപയോഗിക്കണം. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് നിരോധിക്കപ്പെട്ട ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ പൂര്‍ണമായും ഒഴിവാക്കണം.
വലിയ ശബ്ദമുണ്ടാക്കുന്ന പടക്കങ്ങള്‍, അമിതമായി പുക പുറത്തുവിടുന്ന പടക്കങ്ങള്‍ എന്നിവ ഒഴിവാക്കണം. രാത്രി 10 മണിക്കും രാവിലെ 6 മണിക്കും ഇടയില്‍ ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുത് തുടങ്ങിയവയാണ് നിര്‍ദ്ദേശങ്ങള്‍.















