ന്യൂഡൽഹി: പാകിസ്ഥാന് ഇന്ത്യ വെള്ളപ്പൊക്ക മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. താവി നദിയിൽ വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ടെന്ന് ഇസ്ലാമാബാദിലെ ഹൈക്കമ്മീഷനെ ഇന്ത്യ അറിയിച്ചതായാണ് വിവരം. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ഇന്ത്യ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ പഞ്ചാബ്, സിന്ധ് പ്രവിശ്യകളിലെ താഴ്ന്ന പ്രദേശങ്ങളിൽ താമസിക്കുന്നവർ മാറി താമസിച്ചെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
പഹൽഗാം ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാനുമായുള്ള സിന്ധു നദീജല കരാർ ഇന്ത്യ റദ്ദാക്കിയിരുന്നു. തുടർന്ന് സിന്ധു, ഝലം, ചെനാബ് നദികളിലെ ജലനിരപ്പ് സംബന്ധിച്ച് ഡാറ്റ നൽകുന്നത് ഇന്ത്യ നിർത്തിവച്ചിരുന്നു.
യുദ്ധം പാകിസ്ഥാനിലെ സാധാരണ ജനങ്ങളോടല്ല, ഭീകരതയോടാണ് ഇന്ത്യ മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു. പാകിസ്ഥാന്റെ ഭാഗത്ത് നിന്നും നിരുത്തരവാദിത്തപരമായ പ്രസ്താവനകൾ ധാരാളം വരുന്നുണ്ടെങ്കിലും സാധാരണക്കാരുടെ ജീവൻ അപകടത്തിലാക്കാൻ ഇന്ത്യ ആഗ്രഹിക്കുന്നില്ല. കഴിഞ്ഞ ദിവസമുണ്ടായ മേഘ വിസ്ഫോടനത്തിലും തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിലും ആയിരത്തോളം പേർ മരിച്ചിരുന്നു.















