ശ്രീനഗർ: ജമ്മുകശ്മീരിൽ എല്ലാ സർക്കാർ ഓഫീസുകളിലും പെൻഡ്രൈവുകൾ ഉപയോഗിക്കുന്നതിന് നിരോധനം ഏർപ്പെടുത്തി. ഔദ്യോഗിക വിവരങ്ങളും മറ്റ് രേഖകളും വാട്സ്ആപ്പ് വഴി കൈമാറുന്നതും നിരോധിച്ചിട്ടുണ്ട്. ഇത് സംബന്ധിച്ച് സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. ഇന്ത്യ- പാകിസ്ഥാൻ സംഘർഷങ്ങൾക്കിടെ സോഷ്യൽമീഡിയയിലൂടെ ഉയർന്ന സൈബറാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നടപടി.
സോഷ്യൽമീഡിയ ഉപയോഗം സൈബർ സുരക്ഷയ്‌ക്ക് വെല്ലുവിളിയാകാനും സാധ്യതയുണ്ട്. പാക് ചാരസംഘടനകൾ ഇന്ത്യയുടെ സുപ്രധാന വിവരങ്ങൾ ചോർക്കാത്ത വിധത്തിൽ സൈബർ സുരക്ഷ ഉറപ്പാക്കാനും സുരക്ഷാ സ്ഥിതി മെച്ചപ്പെടുത്താനുമാണ് പുതിയ നീക്കം ലക്ഷ്യമിടുന്നത്.
സെക്രട്ടറിയേറ്റ്, ജമ്മുവിലെയും ശ്രീനഗറിലെയും എല്ലാ അഡ്മിനിസ്ട്രേറ്റിവ് സർക്കാർ വകുപ്പുകൾ, എല്ലാ ജില്ലകളിലെയും ഡെപ്യൂട്ടി കമ്മീഷണർ ഓഫീസുകൾ തുടങ്ങിയ സ്ഥലങ്ങളിലാണ് പെൻഡ്രൈവുകൾ നിരോധിച്ചത്. ഔദ്യോഗിക വിവരങ്ങൾ കൈമാറുന്നതിന് വാട്സ്ആപ്പ് ഉൾപ്പെടെയുള്ള എല്ലാ സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളും ഉപയോഗിക്കാൻ അനുവദിക്കില്ലെന്ന് ഉത്തരവിൽ പറയുന്നു.
നിർണായക വിവരങ്ങളുടെ ആധികാരികത ഉയർത്തുന്നതിനും സുരക്ഷാലംഘനങ്ങൾ തടയുന്നതിനും വാട്സ്ആപ്പ് പോലുള്ള ഓൺലൈൻ ആപ്പുകളോ സുരക്ഷിതമല്ലാത്ത മറ്റെന്തെങ്കിലും സംവിധാനങ്ങളോ ഉപയോഗിക്കുന്നതും നിരോധിച്ചതായി സർക്കാർ അറിയിച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂർ സമയത്ത് വലിയ തോതിൽ സൈബറാക്രമണങ്ങളാണ് നടന്നത്. കൂടാതെ ഔദ്യോഗിക ആപ്പുകൾ ഹാക്ക് ചെയ്യാനുള്ള ശ്രമവും നടന്നു. പല ആപ്പുകളുടെയും സാങ്കേതിക പ്രശ്നങ്ങൾ പരിഹരിക്കാനുള്ള ശ്രമങ്ങൾ നടന്നുവരകിയാണ്.















