ന്യൂഡൽഹി: ആരിൽ നിന്നും എന്ത് സമ്മർദ്ദമുണ്ടായാലും അതിനെ ചെറുക്കാനുള്ള ശക്തി ഭാരതത്തിനുണ്ടെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇറക്കുമതി തീരുവ അമ്പത് ശതമാനമായി വർദ്ധിപ്പിച്ച യുഎസ് നടപടിയെ കുറിച്ചായിരുന്നു പ്രധാനമന്ത്രിയുടെ പരാമർശം. യുഎസിന്റെ സാമ്പത്തിക സമ്മർദ്ദത്തിൽ തളരാതെ പ്രശ്നത്തിന് ഉചിതമായ പരിഹാരം കണ്ടെത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. അഹമ്മദാബാദിൽ നടന്ന പൊതുറാലിയെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ചെറുകിട വ്യാപാരികളുടെയും കർഷകരുടെയും സംരംഭകരുടെയും താത്പര്യങ്ങളാണ് എനിക്ക് പ്രധാനം. അവരെ ഉപദ്രവിക്കാൻ കേന്ദ്രസർക്കാർ ഒരിക്കലും അനുവദിക്കില്ല. കർഷകർക്കും മത്സ്യത്തൊഴിലാളികൾക്കുമെതിരെയുള്ള ഏതൊരു നയത്തിനും ഞാൻ കൂട്ടുനിൽക്കില്ല. കർഷകരുടെയും മത്സ്യത്തൊഴിലാളികളുടെയും കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഒരിക്കലും ഞങ്ങൾ അംഗീകരിക്കില്ലെന്നും പ്രധാനമന്ത്രി പറഞ്ഞു.
കുറഞ്ഞ വിലയ്‌ക്ക് റഷ്യയിൽ നിന്ന് തുടർച്ചയായി എണ്ണ വാങ്ങുന്നതിനെ തുടർന്നാണ് യുഎസ് ഇന്ത്യയുടെ ഇറക്കുമതി തീരുവ വർദ്ധിപ്പിച്ചത്. ഫർണിച്ചർ ഇറക്കുമതിയെ കുറിച്ച് യുഎസ് അന്വേഷണം നടത്തിവരികയാണെന്നും അന്വേഷണം പൂർത്തിയായാൽ ഉത്പന്നങ്ങൾക്ക് തീരുവ ചുമത്തുമെന്നും യുഎസ് പ്രഡിഡന്റ് ഡോണാൾഡ് ട്രംപ് പറഞ്ഞു.















